സംഘാടന പിഴവിന് പരിഹാരമില്ല; എഐ ഉച്ചകോടി അഞ്ചാം ദിവസത്തിലേക്ക്

സംഘാടന പിഴവിന് പരിഹാരമായില്ലെങ്കിലും എഐ ഉച്ചകോടി ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. എഐ ഇംപാക്ട് ഉച്ചകോടിക്കെതിരെ വ്യാപക വിമർശങ്ങളാണ് ഉയരുന്നത്. ഇതിനിടയിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്, എൻവിഡിയ, ക്വാൽകോം തുടങ്ങിയ ആഗോള ടെക് ഭീമന്മാർ ഇന്ത്യയിൽ വൻതോതിലുള്ള നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഡാറ്റാ സെന്ററുകളും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളും വികസിപ്പിക്കാനാണ് കമ്പനികളുടെ പദ്ധതി. ഇത് രാജ്യത്തെ സാങ്കേതിക വിദ്യാരംഗത്ത് വലിയ വിപ്ലവത്തിന് കാരണമാകുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. അതേസമയം ഉച്ചകോടി ശനിയാഴ്ച വരെ നീട്ടി.
എഐ ഇംപാക്‌ട് ഉച്ചകോടിയുടെ നാലാം ദിവസവമായ വ്യാഴാഴ്ചയും സംഘാടന പിഴവ് വാർത്തയായിരുന്നു. ഹോട്ടലുകളിലേക്ക് പോകാൻ വാഹനങ്ങൾ ലഭിക്കാതെ പ്രതിനിധികൾ കൂട്ടമായി നടന്ന് പോകുന്ന ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പരിപാടിയുടെ തുടക്കം മുതൽ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചർച്ചയാണ്. കൂടാതെ ഗതാഗതക്കുരുക്ക്, തിരക്ക് എന്നിവയിലും വ്യാപക പരാതി ഉയർന്നിരുന്നു.




