Uncategorized

ഗുരുതര വീഴ്ചയുണ്ടായി; ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു ന്യായീകരണവുമില്ല, നടപടിയുണ്ടാകും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആലപ്പുഴയില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഗുരുത വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് തേടിയതായി മന്ത്രി പറഞ്ഞു. മറ്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. ഇവര്‍ വിഷയം പരിശോധിക്കും. ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കും. ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡായെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്ന കാര്യം അറിയില്ല. വീട്ടമ്മ പറയുന്നതാണ് വിശ്വസിക്കുന്നത്. ബാക്കി അന്വേഷത്തിന്റെ കാര്യമായി വരട്ടെ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പുറത്ത് പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി വിശദീകരിച്ചു. വീട്ടമ്മയുടെ ഒപി ഷീറ്റുകള്‍ പരിശോധിച്ചിരുന്നു. 2021 മെയ് 10നാണ് അവരെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പന്ത്രണ്ടിന് ശസ്ത്രക്രിയ നടത്തി. മൂന്നര കിലോ ഭാരമുള്ള മുഴയാണ് നീക്കം ചെയ്തത്. പതിനഞ്ചിന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ക്ക് 23 വയസ് പ്രായമുണ്ടായിരുന്നപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ തന്നെ ഒരു സര്‍ജറി നടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം പരിശോധിച്ച് കൃത്യമായ നടപടി സ്വീകരിക്കും. ഹര്‍ഷിനയുടെ കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കിയിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തീരുമാനം എടുക്കും. പ്രാഥമികമായി ഒരു തുക നല്‍കുകയാണ് ചെയ്യുക. ബാക്കി കേസിന് ശേഷമായിരിക്കും നല്‍കുക. ഉഷയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഉഷയുടെ ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയില്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നടന്നേക്കുമെന്ന് മകന്‍ ഷിബിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സിടി സ്‌കാന്‍ ചെയ്യണം. കത്രികയുടെ സ്ഥാനം അറിഞ്ഞ ശേഷമായിരിക്കും ശസ്ത്രക്രിയയെന്നും ഷിബിന്‍ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ വീട്ടില്‍ പോയി കണ്ടിരുന്നു. അവരുടെ വീട്ടില്‍ കണ്‍സള്‍ട്ടിങ് ഉണ്ടായിരുന്നു. അങ്ങനെയാണ് പോയത്. ഫീസ് ഉണ്ടായിരുന്നു. അത് നല്‍കിയാണ് ഡോക്ടറെ കണ്ടതെന്നും ഷിബിന്‍ പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം ഇടയ്ക്കിടയ്ക്ക് അമ്മയ്ക്ക് വേദന വന്നിരുന്നു. ദേഹം അനങ്ങി ജോലി ചെയ്തതുകൊണ്ട് വന്നതെന്നായിരുന്നു ആദ്യം കരുതിയത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് കത്രിക കണ്ടത്. തൊഴിലുറപ്പ് ജോലിക്ക് അമ്മ പോയിരുന്നു. വീട്ടിലെ ജോലികളും അമ്മയാണ് ചെയ്യുന്നത്. ജോലി ചെയ്യുമ്പോള്‍ അമ്മ കടുത്ത വേദന അനുഭവിച്ചിരുന്നെന്നും ഷിബിന്‍ പറഞ്ഞു. കത്രിക കണ്ടെത്തിയ കാര്യം വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതരെ അറിയിച്ചപ്പോള്‍ നീക്കം ചെയ്ത് നല്‍കാം എന്നാണ് പറഞ്ഞത്. പെട്ടെന്ന് ചെയ്തുനല്‍കാം എന്നും വേണമെങ്കില്‍ തങ്ങള്‍ക്ക് നിയമപരമായി നീങ്ങാം എന്നും പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഷിബിന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button