Uncategorized

36 സാമ്പിളുകളിലും ശാസ്ത്രീയ പരിശോധന അനിവാര്യം; സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. സന്നിധാനത്ത് നിന്ന് ശേഖരിച്ച സ്വർണ സാമ്പിളുകളിൽ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന അത്യാവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റപത്രം തയ്യാറാക്കാന്‍ വിദഗ്ധ പരിശോധന അനിവാര്യമാണ്. ജംഷെഡ്പൂര്‍ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലാകും പരിശോധന നടത്തുക.

ആകെ 36 സാമ്പിളുകളാണ് വിദഗ്ധ പരിശോധനയ്ക്കയക്കുക. എത്രയും വേഗം പരിശോധന ഫലം നൽകാമെന്നാണ് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സാമ്പിളുകൾ പരിശോധിക്കാൻ ദേശീയ ലബോറട്ടറി സന്നദ്ധത അറിയിച്ചുവെന്ന് എസ്‌ഐടി അറിയിച്ചു. ശാസ്ത്രീയ പരിശോധന സൗജന്യമായി നടത്താമെന്ന് ദേശീയ ലബോറട്ടറി അറിയിച്ചിട്ടുമുണ്ട്.

അന്തിമ റിപ്പോർട്ട് മാർച്ച് 31ന് മുൻപ് നൽകുമെന്നാണ് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കുറ്റപത്രവും മാര്‍ച്ച് 31ന് മുൻപായി നല്‍കും. അന്വേഷണവുമായി ബന്ധപ്പെട്ട വിവരശേഖരണങ്ങൾക്കായി മൊബൈൽ ഫോൺ സേവനദാതാക്കളോട് പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷത്തെ കോള്‍ വിശദാംശങ്ങളാണ് എസ്‌ഐടി ആവശ്യപ്പെടുക. ബിഎസ്എന്‍എല്‍ ഉള്‍പ്പടെയുള്ള സേവനദാതാക്കള്‍ വിവരങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.അതേസമയം, ശബരിമല കൊടിമരക്കൊള്ളയിൽ അന്വേഷണം കൂടുതൽ ശക്തമാക്കുകയാണ് വിജിലൻസ്. കൂടുതൽ പേരിൽ നിന്നും മൊഴിയെടുപ്പ് നടത്തിയ വിജിലൻസ് നിരവധി തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കൊടിമരം നിർമിച്ച അനന്തൻ ആചാരിയിൽ നിന്നാണ് വിജിലൻസ് പ്രധാനമായും മൊഴിയെടുത്തത്. ചെമ്പുപയോഗിച്ചുള്ള നിർമാണ പ്രവൃത്തികൾ ചെയ്തെന്ന് അനന്തൻ ആചാരി മൊഴി നൽകിയിട്ടുണ്ട്.തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ടിന്റെ മൊഴിയും വിജിലൻസ് എടുത്തിട്ടുണ്ട്. വിജിലൻസ് സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദേവസ്വം ഓഫീസിലെ രേഖകളാണ് പിടിച്ചെടുത്തത്. കൊടിമര നിർമാണ ചിത്രങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button