Uncategorized

അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പുറത്താക്കിയത് എന്റെ ആത്മാഭിമാനത്തില്‍ വലിയ മുറിവേല്‍പ്പിച്ചു’; പ്രേംകുമാര്‍

തിരുവനന്തപുരം: അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റിയതെന്ന് നടന്‍ പ്രേംകുമാര്‍. ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പുറത്താക്കിയത് തന്റെ ആത്മാഭിമാനത്തില്‍ വലിയ മുറിവാണ് ഉണ്ടാക്കിയതെന്നും പുറത്താക്കിയത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ ഒരു അറിയിപ്പ് പോലും ലഭിച്ചിട്ടില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. പുറത്താക്കല്‍ വിവരം പത്രമാധ്യമങ്ങളിലൂടെ അറിയേണ്ടിവന്ന ഒരു ചെയര്‍മാന്റെ ഗതികേടാണിതെന്നും തന്നെ അത് വല്ലാതെ വേദനിപ്പിച്ചുവെന്നും പ്രേംകുമാര്‍ പറഞ്ഞു. ഒരു കലാകാരന് അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

‘സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേന്നാണ് എന്നെ മാറ്റിയത്. അതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഒരു യോഗം മസ്‌കറ്റ് ഹോട്ടലില്‍ നടന്നു. എം എ ബേബിയും സജി ചെറിയാനും പങ്കെടുത്ത അനൗദ്യോഗിക ചടങ്ങായിരുന്നു. അന്ന് പല വിഷയങ്ങളും ചര്‍ച്ചയില്‍ വന്നു. ആ യോഗത്തിലാണ് ഞാന്‍ ആശമാരുടെ കാര്യം പറഞ്ഞത്. അധികം നീട്ടരുത്, പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കണം, എന്ത് കാരണത്താലും സമരം നീളുന്നത് ഉചിതമല്ല എന്നാണ് ഞാന്‍ പറഞ്ഞത്. സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങള്‍ എന്റെ കൂട്ടത്തിലുളളവര്‍ തന്നെ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് കൊടുത്തു. ഞാന്‍ സര്‍ക്കാരിനെതിരെ പറഞ്ഞതായി വ്യാഖ്യാനങ്ങള്‍ വന്നു. എന്നോട് ഒരു വിശദീകരണവും ചോദിച്ചിട്ടില്ല. സംഭവം കഴിഞ്ഞ് മൂന്നാംദിവസം വന്ന വാര്‍ത്ത ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയര്‍മാന്‍ എന്നതായിരുന്നു’: പ്രേംകുമാര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാനോട് പലതവണ വ്യക്തത ആവശ്യപ്പെട്ടെങ്കിലും കാലാവധി കഴിഞ്ഞെന്ന് മാത്രമായിരുന്നു മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ആറുമാസമായി പുറത്താക്കിയിട്ട്. ഈ കാലയളവില്‍ താഴെത്തട്ടില്‍ ഉളളവര്‍ പോലും വിളിച്ചിട്ടില്ല. ഇതുവരെ ഔദ്യോഗികമായ ഒരു അറിയിപ്പ് പോലും തന്നിട്ടില്ല. ഡിസംബറില്‍ നടന്ന സാംസ്‌കാരിക സംഗമത്തിന്റെ ക്ഷണം പോലും ലഭിച്ചില്ല. സിനിമ നയരൂപീകരണത്തിന്റെ അംഗമാണ്. ഇതുവരെ ഒരു കാര്യംപോലും എന്നോട് പറഞ്ഞിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്ത ഇടത്ത് നില്‍ക്കാന്‍ കഴിയില്ല. അധികാരം പോയപ്പോള്‍ അയാള്‍ക്ക് എന്തോ പ്രശ്‌നം പറ്റി എന്ന് പറയുന്നവരുണ്ട്. 35 വര്‍ഷമായി സാംസ്‌കാരിക മുഖമായി ഞാനുണ്ട്. ഇക്കാലയളവില്‍ എവിടെയെങ്കിലും അധികാര സ്ഥാനത്ത് കണ്ടിട്ടുണ്ടോ? മറ്റ് സാംസ്‌കാരിക നേതാക്കളെപ്പോലെ വായില്ലാകുന്നിലപ്പനെ പോലെ ഇരിക്കാമായിരുന്നു. ആശാ സമരത്തിന് നേരെ മുഖം തിരിക്കാമായിരുന്നു. എങ്കില്‍ ഞാന്‍ ഈ സ്ഥാനത്ത് തുടര്‍ന്നേനെ. ഞാനൊരു മരവാഴയാണെന്ന് പറയുന്നവര്‍ വരെയുണ്ട്. അങ്ങനെ ഒരാളെ ഈ സ്ഥാനത്ത് ഇരുത്തിയെങ്കില്‍ അത് ആരുടെ തെറ്റാണ്? സൈബര്‍ പോരാളികള്‍ എന്നെ വൃത്തികെട്ടവനായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്’: പ്രേംകുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയം തന്റെ അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഈ നിമിഷം ബ്ലാങ്കാണ്. എന്റെ ജീവിതത്തില്‍ എന്ത് സംഭവിക്കും എന്ന് പറയാനാവില്ല. ജീവിത വിജയത്തിന് കുറുക്കുവഴി ആലോചിക്കാത്തയാളാണ് ഞാന്‍. കമ്മ്യൂണിസം എന്ന ആശയം എന്റെ മനസിലുണ്ട്. വര്‍ഗീയതയെ ദേശീയ തലത്തില്‍ ചെറുക്കാനുളള ബദല്‍ കോണ്‍ഗ്രസാണ്. നെഹ്‌റുവിനെപ്പോലൊരു ദേശീയ നേതാവിന്റെ ആശയങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് നിലനില്‍ക്കണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഭിന്നിപ്പിന്റെ കാലത്ത് പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഇതുവരെ പുറത്തിറങ്ങുകയോ അകത്തുകയറുകയോ ചെയ്തിട്ടില്ല ഞാന്‍. സ്വതന്ത്രനായി നില്‍ക്കുകയാണ്’: പ്രേംകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി ഫോണിലൂടെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഇതുവരെയും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ചര്‍ച്ച സജീവമായിട്ടില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്നും തന്റെ ആഗ്രഹത്തിന് ഇവിടെ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button