Uncategorized

സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി 2ന് എതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം: വസ്തുതാവിരുദ്ധമായ കണക്കുകളും വിദ്വേഷപ്രചരണവും നടത്തുന്നു എന്ന കുപ്രസിദ്ധി നേടിയ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നു. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജിയും വന്നിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് ഈ രണ്ടാം ഭാഗവും ചെയ്യുന്നതെന്നാണ് കമന്റുകൾ. ഇത്തരം പ്രൊപ്പഗണ്ട സിനിമകൾകൊണ്ട് കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തെയും മനുഷ്യാവകാശ ബോധങ്ങളെയും വ്യക്തി സ്വാതന്ത്ര്യത്തെയും തകർക്കാനാകില്ല എന്നാണ് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.ഇതിന് പുറമെ ട്രെയിലറിലെ ഒരു സീനിന് മലയാളികളുടെ കയ്യിൽ നിന്നും കണക്കിന് ട്രോളുകളും ലഭിക്കുന്നുണ്ട്. ചിത്രത്തിൽ കേരളത്തിൽ നിന്നുമുള്ള ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനാണ് ഏറ്റവുമധികം ട്രോളുയരുന്നത്. ബീഫിനോടുള്ള പ്രിയം മുതൽ ബീഫ് വിഭവങ്ങൾ വരെയാണ് ട്രോളുകളിലും കമന്റുകളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും വിമർശനവുമായി രംഗത്തുണ്ട്.കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘ബീഫ്’ എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണെന്നാണ് കേരള സ്റ്റോറി പറഞ്ഞുവെക്കുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറിയാണ് ഇതെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. കേരളത്തിന്റെ മതനിരപേക്ഷതയിലും വികസനനേട്ടത്തിലും അസൂയ ഉള്ളവരാണ് സിനിമയ്ക്ക് പിന്നിലെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button