Uncategorized

മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല; സ്‌കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വിദ്യാഭ്യാസ വകുപ്പ്,

തിരുവനന്തപുരം: മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നൽകിയ സംഭവത്തിൽ സ്‌കൂളിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വിദ്യാഭ്യാസ വകുപ്പ്. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച് എസ് എസ് സ്‌കൂൾ പ്രിൻസിപ്പലിനാണ് നോട്ടീസ് അയച്ചത്. മരിച്ച അധ്യാപികയെ ടീച്ചർ ഡീറ്റെയിൽസിൽ നിന്ന് ഒഴിവാക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് നോട്ടീസിൽ പറയുന്നുണ്ട്. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ തക്കതായ കാരണങ്ങളുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ രണ്ട് ദിവസത്തിനകം പരീക്ഷാ സെക്രട്ടറിക്ക് മുന്നിൽ ഹാജരായി വിശദമായി മറുപടി നൽകണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.

കഴിഞ്ഞ വർഷം കാർ അപകടത്തിൽ മരിച്ച അധ്യാപിക റെസി ടൈറ്റസിനാണ് ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ പരീക്ഷാ ചുമതല നൽകിയത്. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയായിരുന്നു റെസി. കഴിഞ്ഞ വർഷം ഏപ്രിൽ 25നായിരുന്നു റെസിയുടെ മരണം. സ്‌കൂളിൽ നിന്ന് റെസിയുടെ പേര് ഒഴിവാക്കിയെങ്കിലും ഡ്യൂട്ടി പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. സാങ്കേതിക പ്രശ്നമെന്നായിരുന്നു വിഷയത്തിൽ ഡയറക്ടറേറ്റിന്റെ വിശദീകരണം. അനാസ്ഥയിൽ പ്രതിഷേധവുമായി സഹപ്രവർത്തകർ രംഗത്തെത്തിയിരുന്നു.

വളയൻചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസി ടൈറ്റസിനെ ചുമതലപ്പെടുത്തിയിരുന്നത്. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ തിരുത്തിയ പട്ടിക പുറത്തിറക്കുമെന്ന് ഡയറക്ടറേറ്റ് വിശദീകരണം നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button