മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ കൊലക്കേസ് പ്രതി ഹോട്ടൽ തൊഴിലാളിയായി; പിന്നാലെ പൊലീസ്

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനീഷ്, ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തെന്ന് പൊലിസ്. കർണാടകയിലെ വിവിധ ഹോട്ടലുകളിൽ വിനീഷിനെ തേടി പൊലിസ് എത്തിയപ്പോഴേയ്ക്കും അവിടെനിന്ന് കടന്നുകളയുകയായിരുന്നു. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് പൊലിസിനെ വലയ്ക്കുന്നുണ്ട്.
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ദൃശ്യകൊലക്കേസ് പ്രതി വിനീഷ് ചാടിപ്പോയിട്ട് രണ്ട് മാസത്തിനോട് അടുക്കുമ്പോഴാണ് പൊലിസിന് പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നത്. കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ പ്രതി ബംഗളൂരു നഗരപ്രാന്ത പ്രദേശത്ത് വിവിധ ഹോട്ടലുകളിൽ തൊഴിലാളിയായി. വിവരമറിഞ്ഞ് അന്വേഷണസംഘം അവിടെയെത്തിയപ്പോഴേയ്ക്കും കടന്നുകളഞ്ഞു. എങ്കിലും കൂടുതൽ ദൂരം പോകാൻ ഇടയില്ലെന്നാണ് വിലിയരുത്തൽ. അതിനാൽ ആ മേഖല കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
രണ്ടുവർഷം മുമ്പ് വിനീഷ് കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് മംഗലാപുരത്തിനടുത്ത് നിന്നാണ് പ്രതിയെ പിടികൂടാനായത്. 2025 ഡിസംബർ 29ന് രാത്രിയാണ് ശുചിമുറിയുടെ ചുമർ തുരന്ന് വിനീഷ് രക്ഷപ്പെട്ടത്. 2021ലാണ് പ്രണയ അഭ്യര്ഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിയായ ദൃശ്യയെ, വിനീഷ് അതിക്രൂരമായി കുത്തികൊലപ്പെടുത്തിയത്. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന വിനീഷീനെ മാനസിക അസ്വസ്‌ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നാണ് സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടത്.




