Uncategorized
ആമസോണിൽ ഓർഡർ ചെയ്തത് ലാപ്ടോപ്പ്, ലഭിച്ചത് മാർബിൾ കല്ലും പഴകിയ തുണിയും; പരാതിയുമായി കോട്ടയം സ്വദേശി

കോട്ടയം: ഓൺലൈനായി ഓർഡർ ചെയ്ത ലാപ്ടോപ്പിന് പകരം കോട്ടയം പൈകയിൽ സ്വദേശിക്ക് ലഭിച്ചത് മാർബിൾ കല്ലും പഴകിയ തുണിയും. പൈക സ്വദേശിയായ ഡോൺ ടോമിനാണ് ലാപ്ടോപ്പിന് പകരം കല്ല് കിട്ടിയത്.
55000 രൂപയ്ക്ക് മുകളിൽ വിലയുള്ള ലെനോവോ തിങ്ക്പാഡ് ഇ 14നാണ് ഡോൺ ടോം ആമസോൺ വഴി ഓർഡർ ചെയ്തത്. സാധനത്തിന്റെ തുക മുൻകൂറായി അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഡെലിവറി ലഭിച്ച ബോക്സ് തുറന്നതും ഇതിനകത്ത് മാർബിൾ കല്ലും തുണിയും കാർഡ്ബോർഡ് പീസുമായിരുന്നു. പിന്നാലെ ഡോൺ ടോം ആമസോൺ അധികൃതരുമായി ബന്ധപ്പെട്ടു. സംഭവത്തെകുറിച്ച് അന്വേഷിക്കാമെന്ന് ആമസോൺ അധികൃതർ അറിയിച്ചിട്ടുണ്ട്. 23നകം മറുപടി നൽകാമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ടെന്ന് ഡോൺ പറഞ്ഞു. ഗോപാൽ ഐടി സ്റ്റോർ എന്നതാണ് സെല്ലറുടേതായി കാണിക്കുന്ന പേര്.




