Uncategorized

മലമ്പുഴ അച്ഛന് വൈകാരിക ബന്ധമുള്ള സ്ഥലം; സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കും: വി എ അരുണ്‍ കുമാര്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. തങ്ങളുടേത് പാര്‍ട്ടി കുടുംബമാണ്. തെരഞ്ഞെടുപ്പിനെ കുറിപ്പ് ഇതുവരെ ആലോചിച്ചിട്ടില്ല. മലപ്പുഴ അച്ഛന് വളരെ വൈകാരിക ബന്ധമുള്ള സ്ഥലമാണ്. പാര്‍ട്ടി പറയുന്നതാണ് എന്നും പ്രധാനമെന്നും വി എ അരുണ്‍ കുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി എ അരുണ്‍ കുമാര്‍.

വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം മത്സിക്കുന്ന കാര്യം അറിയില്ലെന്നായിരുന്നു വി എ അരുണ്‍ കുമാര്‍ പറഞ്ഞത്. മത്സരിക്കണോ വേണ്ടയോ എന്നത് സുരേഷിന്റെ വ്യക്തപരമായ കാര്യമാണെന്നും വി എ അരുണ്‍ കുമാര്‍ പറഞ്ഞു.സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന വി എസിന്റെ മുന്‍ പിഎ എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മലമ്പുഴയില്‍ മത്സരിക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ വി എസിന്റെ മകന്‍ അരുണ്‍ കുമാറിനെ മലമ്പുഴയില്‍ സിപിഐഎം പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അരുണ്‍ കുമാറിനെ രംഗത്തിറക്കുന്നതില്‍ സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ലെന്നായിരുന്നു പുറത്തുവന്ന വിവരം. ഇത് സംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് വി എ അരുണ്‍ കുമാര്‍ പറഞ്ഞത്.

സിപിഐഎമ്മിനോട് കടുത്ത എതിര്‍പ്പിലാണ് എ സുരേഷ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ സുരേഷ് പങ്കെടുത്തിരുന്നു. പുതുയുഗ യാത്ര പാലക്കാട് എത്തിയപ്പോഴായിരുന്നു സുരേഷ് പങ്കെടുത്തത്. വി ഡി സതീശന്‍ തന്നെയാണ് സുരേഷിനെ ഷോള്‍ അണിയിച്ച് സ്വീകരിച്ചത്. സദസിനെ അഭിസംബോധന ചെയ്ത സുരേഷ്, ഇടതുപക്ഷം ഇടതുപക്ഷമല്ലാതായെന്ന് തുറന്നടിച്ചിരുന്നു. വി എസിന് നല്‍കിയ ക്യാപിറ്റല്‍ പണിഷ്‌മെന്റ് തനിക്ക് ലഭിച്ചുവെന്നും സുരേഷ് പറഞ്ഞിരുന്നു.

2013ൽ പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകി എന്ന കുറ്റം ചുമത്തി സുരേഷിനെ സിപിഐഎം പുറത്താക്കിയിരുന്നു. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നതെന്തെന്ന ചോദ്യവുമായി പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് എ സുരേഷ് തുറന്ന കത്തെഴുതിയിരുന്നു. പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായെന്നും എന്നാൽ ഇക്കാലയളവിലും താൻ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചു. ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നതെന്നും സുരേഷ് കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോൺഗ്രസിനോട് സുരേഷ് അടുക്കുന്നുവെന്ന സൂചനകൾ പുറത്തുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button