കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; ഹല്‍ദിറാം ഹൈദരാബാദ് ഔട്ട്‌ലെറ്റിനെതിരെ കേസ്

ഹൈദരാബാദ്: പ്രമുഖ മധുരപലഹാര ബ്രാന്‍ഡായ ഹല്‍ദിറാമിനെതിരെ കേസ്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റുവെന്ന പരാതിയിലാണ് കേസ്. ഹൈദരാബാദിലെ അട്ടാപൂരിലുളള ഔട്ട്‌ലെറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ശരിയായ ലേബലിംഗ് ഇല്ലാതെയാണ് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്ക് വെച്ചതെന്നും ഉപയോക്താക്കള്‍ ആരോപിച്ചു.
ഹല്‍ദിറാമിന്റെ അട്ടാപൂരിലുളള ഔട്ട്‌ലെറ്റിൽ വിൽപ്പനയ്ക്ക് വെച്ച പായ്ക്കറ്റുകളില്‍ കാലാവധി സംബന്ധിച്ച വിശദാംശങ്ങളോ കൃത്യമായ ലേബലുകളോ ഇല്ലെന്നാണ് ഉപയോക്താക്കൾ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഔട്ട്‌ലെറ്റിലെ മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളുടെ പാക്കറ്റുകളിലും പ്രോഡക്ട് ഉണ്ടാക്കിയ തീയതിയോ കാലാവധി കഴിയുന്ന തീയതിയോ ഉണ്ടായിരുന്നില്ലെന്നും ഉപയോക്താക്കള്‍ പരാതിയിൽ ആരോപിക്കുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പിന് നൽകിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, സംഭവത്തിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.




