Uncategorized

സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ അറസ്റ്റിൽ. അഭിലാഷം സിനിമയുടെ സംവിധായകനായ ഷംസുദ്ദീൻ (ഷംസു സൈബ) ആണ് അറസ്റ്റിലായിരിക്കുന്നത്. നിർമാതാവായ ആൻ സരിഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി. ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തറ പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്.

കരാറിനേക്കാൾ കൂടുതൽ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നാണ് നിർമാതാവ് നൽകിയിരിക്കുന്ന പരാതി. സിനിമാ ചിത്രീകരണത്തിനിടയിൽ വിശ്വാസവഞ്ചന കാണിച്ചെന്നും പരാതിയിലുണ്ട്.ഷംസുവിനെ കൂടാതെ അഭിലാഷം സിനിമയിൽ പ്രവർത്തിച്ച അഞ്ചുപേർക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്. നിലവിൽ സംവിധായകനല്ലാതെ മറ്റുള്ളവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടില്ല.

അതേസമയം, നിർമാതാവ് തന്നോട് പക പോക്കുകയാണെന്നാണ് സംവിധായകന്റെ വാക്കുകൾ. ചിത്രീകരണത്തിനുള്ള ചെലവ് മാത്രമേ വാങ്ങിയിട്ടുള്ളു എന്നാണ് ഷംസു സൈബ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഷൂട്ടിംഗ് സമയത്ത് നിർമാതാവുമായി തർക്കമുണ്ടായിരുന്നു എന്നും ഇതിന്റെ പക പോക്കലാണ് നടത്തുന്നതെന്നുമാണ് ഷംസു പറയുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിർമാതാവും സാങ്കേതിക പ്രവർത്തകരും തമ്മിൽ പ്രതിഫലവുമായി ബന്ധപ്പെട്ട് അടക്കം തർക്കങ്ങൾ ഉണ്ടായതിനെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് സിനിമാട്ടോഗ്രഫർ ഫെഫ്കയ്ക്ക് പരാതി നൽകിയിരുന്നു. റിലീസിന് ശേഷം പ്രതിഫലം നൽകാമെന്ന നിർമാതാവിന്റെ ഉറപ്പിൽ ഇത് അസോസിയേഷൻ തീർപ്പാക്കുകയായിരുന്നു.

മണിയറയിലെ അശോകൻ എന്ന ചിത്രത്തിന് ശേഷം ഷംസു സൈബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം. 2025ൽ റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപകശ്രദ്ധ നേടിയെങ്കിലും തിയേറ്ററിൽ വലിയ വിജയം നേടിയിരുന്നില്ല. എന്നാൽ ഒടിടിയിൽ എത്തിയതോടെ ചിത്രം വൻ പ്രേക്ഷകപ്രീതി നേടി. അഭിലാഷം സിനിമയിലെ ‘ഖൽബിനകമേ’ എന്ന പാട്ടും വൈറലായിരുന്നു. റീൽസുകളിൽ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലൊന്നായി ഈ പാട്ടിനെ ഏറ്റെടുത്തവർ ഏറെയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button