Uncategorized

തട്ടുകടയിൽ ചായ കുടിക്കാനെത്തി; പുക ഉയരുന്നത് കണ്ട് അലേർട്ടായി യുവാക്കൾ; 20 മിനിറ്റിൽ ഫയർഫോഴ്‌സ് സ്ഥലത്ത്

കോഴിക്കോട്: പാളയം ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സിന് സമീപമുള്ള തട്ടുകടയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരായ അത്തോളി സ്വദേശി എസ് സ്വാലിഹും പാലക്കാട് സ്വദേശി കെ നൗഫലും. ഇതിനിടെയാണ് ജയലക്ഷ്മി ടെക്‌സ്റ്റൈസില്‍ നിന്ന് പുക ഉയരുന്നത് ഇരുവരും കാണുന്നത്. ഉടന്‍ തന്നെ ഇവര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങി. ഈ സമയം ടെക്‌സ്റ്റൈല്‍സില്‍ തുണിത്തരങ്ങള്‍ വാങ്ങാന്‍ എത്തിയവരും ജീവനക്കാരും സുരക്ഷിതമായി ടെക്‌സ്റ്റൈല്‍സില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് സ്വാലിഹും നൗഫലും ശ്രദ്ധിക്കുന്നത്. തീപിടിത്തമാണെന്ന് മനസിലാക്കിയ ഇവര്‍ ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ തന്നെ ടെക്‌സ്റ്റൈല്‍സിലെ സുരക്ഷാ അലാം മുഴങ്ങി. ജീനവക്കാരും ഉപയോക്താക്കളും ഉടന്‍ പുറത്തിറങ്ങി. ഈ സമയംകൊണ്ട് അഗ്നിശമന സേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
കോഴിക്കോട് ബീച്ച്, മീഞ്ചന്ത, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെ വെള്ളിമാടുകുന്ന്, കൊണ്ടോട്ടി, മുക്കം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സംഘവും സ്ഥലത്തെത്തി. ഈ സമയം തീ ഒന്നാം നിലയില്‍ നിന്ന് മുകളിലത്തെ നിലയിലേക്ക് പടര്‍ന്ന് തുടങ്ങിയിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ കോണിയില്‍ മുകളിലേക്ക് കയറിയെങ്കിലും കനത്ത ചൂട് കാരണം പിന്മാറേണ്ടിവന്നു. ഇതിനിടെ പൊലീസും സ്ഥലത്തെത്തി. പൊലീസും അഗ്നിമന സേനയും ടെക്‌സ്റ്റൈല്‍സിന്റെ മുന്‍വശത്ത് കൂടി അകത്ത് കയറി. അകത്ത് ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഇതോടൊപ്പം മുന്‍ഭാഗത്തേക്ക് തീ പടരുന്നത് തടയാനായി വാതിലുകള്‍ അടയ്ക്കുകയും ചെയ്തു. ഈ സമയം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും സമീപത്തെ കെട്ടിടങ്ങളിലെയെല്ലാം വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. പൊലീസ് കല്ലായി റോഡില്‍ പൂര്‍ണമായും ഗതാഗതം തടഞ്ഞു.

ഏഴ് മണിയോടെ തീ കൂടുതല്‍ ആളിക്കത്താന്‍ തുടങ്ങി. ചൂടുകൊണ്ട് ചില്ലുകള്‍ പൊട്ടിത്തെറിച്ചതോടെ അഗ്നിശമന സേനാംഗങ്ങള്‍ അകലേക്ക് മാറുകയും വെള്ളം ചീറ്റിക്കുകയും ചെയ്തു. 7.45 ഓടെ തീ അല്‍പം കുറഞ്ഞെങ്കിലും പൊടുന്നനെ വീണ്ടും ആളിക്കത്തിയത് രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കി. ഇതിനിടെ മേയര്‍ ഒ സദാശിവന്‍ സ്ഥലത്തെത്തുകയും കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിനെ ബന്ധപ്പെടുകയും ചെയ്തു. കളക്ടര്‍ വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിങ് യൂണിറ്റിനെ ബന്ധപ്പെടുകയും ഉടന്‍ സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെടുതയും ചെയ്തു.

സംഭവം നടക്കുമ്പോള്‍ ടെക്‌സ്‌റ്റൈല്‍സില്‍ ഉണ്ടായിരുന്നത് 156 ജീവനക്കാരായിരുന്നു. 300ല്‍ അധികം ഉപയോക്താക്കളും ഉണ്ടായിരുന്നു. പുക ഉയര്‍ന്നതോടെ രണ്ട് വനിതാ ജീവനക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടകാരണം വ്യക്തമാകുകയുള്ളൂ എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. അടിക്കടി തീപിടിത്തം ഉണ്ടാകുമ്പോള്‍ സംശയമുണ്ടാകുക സ്വാഭാവികമാണെന്നും അടിയന്തര സാഹചര്യം നേരിടാന്‍ ആര്‍ആര്‍ടികളെ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button