Uncategorized

സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടർക്കെതിരെ രണ്ട് പരാതികൾ കൂടി; നിർബന്ധിത അവധിയിൽ പോകാൻ ഉത്തരവ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന ആവശ്യപ്പെട്ടു. ഡോ. ബിന്ദു സുന്ദറിനെതിരെയാണ് അന്വേഷണവിധേയമായി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേകസംഘം സംഭവത്തിൽ അന്വേഷണം നടത്തും. ഡോക്ടർക്ക് എതിരെയുള്ള എല്ലാ പരാതികളും അന്വേഷിക്കുമെന്നും ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഡോ. ബിന്ദു സുന്ദറിനെതിരെ മറ്റ് രണ്ട് പരാതികൾ കൂടി ഡിഎംഒയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിലും അന്വേഷണം നടത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.
പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിടെ മരിച്ചത്. ഇന്നലെയാണ് നിരഞ്ജന ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ഇന്ന് പുലർച്ചെ പരിശോധനയ്ക്കായി ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തുവെങ്കിലും പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു.

കുഞ്ഞിന്റെ മരണകാരണം ചികിത്സ പിഴവാണെന്ന് നിരഞ്ജനയുടെ കുടുംബം ആരോപിച്ചു. വേദന ഇല്ലാതിരുന്ന നിരഞ്ജനയെ പുലർച്ചെ ലേബർ റൂമിലേക്ക് കൊണ്ടുപോയെന്നും മണിക്കൂറുകൾ ലേബർ റൂമിൽ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചു
സംഭവത്തിൽ ആശുപത്രിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ആർഡിഒയെയും സൂപ്രണ്ടിനേയും തടഞ്ഞുവെച്ചാണ് കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നത്. തുടർന്ന് സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button