Uncategorized

‘കണവയും മീൻമുട്ടയും പൊറോട്ടയും കഴിച്ചു, പിന്നാലെ ഉമ്മയുടെ നാവ് കുഴഞ്ഞു’; വിഴിഞ്ഞത്ത് കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു സുഹൃത്ത് പറയുന്നു

തിരുവനന്തപുരം: കണവ തോരനും മീൻ മുട്ടയും കപ്പയും പൊറോട്ടയുമൊക്കെ വാങ്ങി ഞങ്ങൾ ഒരുമിച്ചാണ് കഴിച്ചത്. ഭക്ഷണം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെയാണ് എല്ലാം മാറിമറിഞ്ഞത്… വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണന്റെ വാക്കുകളാണിവ. വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും അമ്മായിയമ്മ റഷീദാ ബീവിയും (58) മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയാണോ അലർജിയാണോ കാരണമെന്ന് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ അസ്വാഭാവിക ലക്ഷണങ്ങളെക്കുറിച്ച് കണ്ണൻ പറയുന്നത് ഇങ്ങനെയാണ്. ഒരു മണിയോടെയാണ് ഹോട്ടലിൽ നിന്ന് മടങ്ങിയത്. അല്പസമയം കഴിഞ്ഞപ്പോൾ തന്നെ റഷീദാ ബീവിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നാലെ അവരുടെ നാവ് കുഴയുകയും ശരീരം തളരുകയും ചെയ്തു.

തളർച്ച അനുഭവപ്പെട്ടപ്പോൾ അവർ വെള്ളം ചോദിച്ചു. തുടർന്ന് കട്ടൻ ചായ വാങ്ങി നൽകി. ഇതിനിടെ ഷാജിയും കടുത്ത രീതിയിൽ ശർദ്ദിക്കാൻ തുടങ്ങി. സ്ഥിതി വഷളായതോടെ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. റഷീദാ ബീവിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാജിയുടെ ഭാര്യ സജീനയും സമാനമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരെ ആദ്യം പാരിപ്പള്ളിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെത്തുടർന്ന് മാറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല എന്നത് മാത്രമാണ് ആശ്വാസം.

സംഭവത്തിന് പിന്നാലെ വിഴിഞ്ഞം പോലീസും ഭക്ഷ്യസുരക്ഷാ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. ഹോട്ടൽ അടപ്പിച്ചു: ‘അസ്മാക്’ ഹോട്ടൽ താൽക്കാലികമായി അടപ്പിക്കുകയും ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മരണകാരണം ഭക്ഷണത്തോടുള്ള കടുത്ത അലർജിയാണോ അതോ ഭക്ഷ്യവിഷബാധയാണോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button