ശബരിമല സ്ത്രീ പ്രവേശനം; നിലപാട് മാറ്റത്തിനെന്ന സൂചന നൽകി സിപിഎം

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് മാറ്റത്തിനെന്ന സൂചന നൽകി സിപിഎം. സർക്കാർ നിലപാട് തിരുത്തേണ്ടത് ആണെങ്കിൽ തിരുത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
ചില വിഷയങ്ങളിൽ പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സർക്കാരിന് സ്വീകരിക്കേണ്ടി വരുമെന്നും പുനഃപരിശോധന ഹരജി പരിഗണിക്കുന്ന ഘട്ടത്തിൽ ആലോചിച്ച് നിലപാട് എടുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടിയും പ്രതികരിച്ചു.
അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കുന്നത് ഭരണഘടനാ വിദഗ്‌ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമെന്നാണ് തീരുമാനം. സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന നിലപാട് എടുക്കണമെന്ന സമ്മർദം സർക്കാരിന്മേൽ ശക്തമാണ്. നിലപാട് അറിയിക്കും മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരുമായും സംസാരിക്കണമെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭരണഘടനാപരമായി ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ട്. അങ്ങനെയുള്ള 7 ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് മൂന്നംഗ ബഞ്ച്,ഒമ്പതംഗ ബെഞ്ചിന് കേസ് വിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിനും സിപിഎമ്മിനും ഇത് ഭരണഘടനപരമായ ചോദ്യം മാത്രമല്ല. കോടതിവിധി എന്തായാലും അതിന് പിന്നാലെ ഉയർന്നുവരുന്ന രാഷ്ട്രീയ ചോദ്യങ്ങൾക്കുള്ള മറുപടിയും സർക്കാർ തന്നെയാണ് പറയേണ്ടത്. അടുത്തമാസം 14 ന് നിലപാട് അറിയിക്കാനാണ് കോടതി നിർദേശം.




