ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ പിടിച്ചെടുത്ത് ഇന്ത്യ! നടപടിക്ക് പിന്നിൽ യുഎസ്? റിപ്പോർട്ട്

ഇറാനുമായി ബന്ധമുള്ളതെന്ന് കരുതുന്ന മൂന്ന് എണ്ണക്കപ്പലുകൾ മുംബൈക്കടുത്ത് വച്ച് ഇന്ത്യ പിടിച്ചെടുത്തതായി റിപ്പോർട്ട്. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ പട്ടികയിൽപ്പെട്ടതാണിവയെന്നും റോയിട്ടേഴ്സസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പിടിച്ചെടുക്കപ്പെട്ട കപ്പലുകളുമായി ബന്ധമില്ലെന്ന് നാഷനൽ ഇറാനിയൻ ഓയിൽ കമ്പനി വ്യക്തമാക്കി.
ഫെബ്രുവരി ആറിനാണ് ഇന്ത്യ ഈ കപ്പലുകൾ പിടിച്ചെടുത്തത്. ഇക്കാര്യം ആദ്യം എക്സ് പോസ്‌റ്റിലൂടെ സ്ഥിരീകരിച്ചുവെങ്കിലും പിന്നാലെ ഡീലീറ്റ് ചെയ്തിരുന്നു. സ്‌റ്റെല്ലാർ റൂബി, അസ്ഫാൾട്ട് സാർ, അൽ ജഫിസ എന്നിവയാണ് പിടിച്ചെടുത്തത്. തീര നിയമങ്ങൾ ലംഘിക്കുന്നതിനായി ഈ കപ്പലുകൾ യഥാസമയം പേരുകൾ മാറാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് ഇന്ധനം മാറ്റുന്നതിന് ഇന്ത്യയുടെ കടൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നാണ് ഇന്ത്യയുടെ നിലപാട്.
ഉപരോധം മറികടക്കുന്നതിനും ഇന്ധനക്കടത്ത് നടത്തുന്നതിനുമാണ് ഇത്തരത്തിൽ ഷിപ്-ടു-ഷിപ് ട്രാൻസ്ഫർ സാധാരണയായി ഉപയോഗിക്കുന്നത്.
ഇന്ത്യ-യുഎസ് ബന്ധത്തിൽ നിർണായക
പുരോഗതിയുണ്ടായ സമയത്താണ് ഇറാന്റെ
കപ്പലുകൾ മുംബൈയിൽ
പിടിച്ചെടുത്തതെന്നതും ശ്രദ്ധേയമാണ്.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് ധാരണയിലെത്തിയതിന് പിന്നാലെ ഈ മാസം ആദ്യം അമേരിക്ക, ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന ഇറക്കുമതിത്തീരുവ 18 ശതമാനമാക്കി കുറച്ചിരുന്നു.
സംശയാസ്പദമായ സാഹചര്യങ്ങളിൽ കണ്ടതിനെ തുടർന്നാണ് പടിഞ്ഞാറൻ മുംബൈയ്ക്ക് 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന കപ്പൽ പിടിച്ചെടുത്തതെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. വിശദമായ പരിശോധനയ്ക്കായി ഇവ മുംബൈ തീരത്തേക്ക് മാറ്റി. അതേസമയം, ഇന്ത്യ പിടിച്ചെടുത്ത കപ്പലുകളോ അതിലുണ്ടായിരുന്ന ചരക്കോ ഇറാന്റേതല്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. കപ്പലുകൾ പിടിച്ചെടുത്തതിന് പിന്നാലെ തീര സുരക്ഷ ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. 55 കപ്പലുകളും പന്ത്രണ്ടോളം വിമാനങ്ങളുമാണ് നിലവിൽ സദാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗ്ലോബൽ പീസ്, ചിൽ 1, ഗ്ലോറി സ്‌റ്റാർ 1 എന്നീ കപ്പലുകൾക്കാണ് തങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നതെന്നാണ് യുഎസ് ഓഫിസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ കഴിഞ്ഞ വർഷം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. ഇവ പേരുമാറിയാണ് ഇന്ത്യൻ തീരത്തെത്തിയതെന്നാണ് നിഗമനം. എൽഎസ്ഇജിയുടെ ഷിപ്പിങ് ഡേറ്റ അനുസരിച്ച് ഇതിൽ രണ്ട് ടാങ്കറുകളും ഇറാനുമായി ബന്ധപ്പെട്ടതാണ്. ഇറാനിൽ നിന്ന് ജിബൂട്ടിയിലേക്ക് 2025 ൽ ഇന്ധനമെത്തിക്കാൻ ഉപയോഗിച്ച കപ്പലാണ് അൽ ജഫ്‌സിയ. ഇറാന്റെ സ്റ്റെല്ലാർ റൂബിയിലാവട്ടെ ഇറാൻ പതാക തന്നെ ഉണ്ടായിരുന്നു. ചൈനയുടെ ഭാഗത്തേക്കാണ് അസ്ഫാൾട്ട് സഞ്ചരിച്ചിരുന്നത്.




