Uncategorized

കപ്പ വേവുന്നതെങ്ങനെ, മീൻ വേവുന്നതെങ്ങനെ എന്നാണ് വേണുഗോപാൽ ചോദിക്കുന്നത്…”; പരിഹാസവുമായി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അടുക്കള കയറാൻ മാത്രമാണിപ്പോൾ സമയമെന്ന് പരിഹാസവുമായി മന്ത്രി വി. ശിവൻകുട്ടി. കെ.സി. വേണുഗോപാലിന് ഇപ്പോൾ അടുക്കള കയറാൻ മാത്രമാണ് സമയം. അടുക്കളയിൽ നിന്ന് പുറത്തിറങ്ങാൻ സമയമില്ല. എങ്ങനെയാണ് കപ്പ വേവുന്നത്, മീൻ വേവുന്നത് എന്നാണ് ചോദിക്കുന്നതെന്നും വി. ശിവൻകുട്ടി പരിഹസിച്ചു.
കെ.സി. വേണുഗോപാൽ ചെയ്യുന്നതും ബിജെപി ചെയ്യുന്നതും ഒരേ കാര്യമാണെന്നും ശിവൻകുട്ടി പറഞ്ഞു. ആരെങ്കിലും പാർട്ടിയിൽ വരുന്നോ എന്ന് ഫോൺ ചെയ്ത് ചോദിക്കുന്നതാണ് ജോലി. ജനാധിപത്യ വിരുദ്ധ പ്രവർത്തനമാണ് കെ.സി. വേണുഗോപാലിൻ്റേതെന്നും ശിവൻകുട്ടി പറഞ്ഞു.

വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള കെ.സി. വേണുഗോപാലിൻ്റെ ദൃശ്യങ്ങൾ ചർച്ചയായിരുന്നു. അടുക്കളയിൽ കയറി കപ്പ കഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. വിലക്കയറ്റിലെ വീട്ടമ്മമാരുടെ പരാതി നേരിട്ട് കേൾക്കുകയായിരുന്നു കെ.സി.വേണുഗോപാൽ. വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്‍റെ വേറിട്ട പ്രതിഷേധ പരിപാടിയുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.
പാചകവാതകത്തിന് സബ്‌സിഡി കുറച്ചതും മണ്ണെണ്ണ നിര്‍ത്തലാക്കിയതും വെളിച്ചെണ്ണയുടെ വില അനിയന്ത്രിതമായും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വീട്ടമ്മമാര്‍ കെ.സി. വേണുഗോപാലിനു മുന്നില്‍ അവതരിപ്പിച്ചു. അവശ്യസാധനങ്ങളുടെ വിലകുറച്ച് സാധാരണക്കാരുടെ വരുമാനം കൂട്ടുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് വീട്ടമ്മമാരുടെ പരാതികേട്ടതിന് ശേഷം വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
ഇത് വെറും വിലക്കയറ്റ പ്രശ്നമല്ലെന്നും, തൊഴില്‍ അസ്ഥിരത, വരുമാനവളര്‍ച്ചയുടെ തളര്‍ച്ച, കുടുംബങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കാനാകാത്ത നയപരാജയം എന്നിവ ചേര്‍ന്നതാണ് പ്രതിസന്ധിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശരാശരി മലയാളി കുടുംബങ്ങള്‍ ജീവിക്കുന്നത് അടുക്കളക്കണക്കു പ്രകാരം തന്നെയാണ്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവരുടെ പത്തുവര്‍ഷ ഭരണത്തിനു ശേഷം, ഇന്ന് കണക്കുകള്‍ കൂട്ടിയാല്‍ ഒന്നും ശരിയായി വരുന്നില്ലെന്നും വേണുഗോപാല്‍ വിമർശിച്ചു. തുടര്‍ന്ന് വീട്ടമ്മമാര്‍ക്കൊപ്പം ഒരുമിച്ച് അടുക്കളയില്‍ കപ്പപുഴുങ്ങി എല്ലാവരും ചേര്‍ന്ന് കഴിച്ച ശേഷമായിരുന്നു കെ.സി. വേണുഗോപാല്‍ എംപി മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button