ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട’; പാലക്കാട് പ്രശാന്ത് ശിവനായി ഒരു വിഭാഗം, ശോഭ സുരേന്ദ്രനും പരിഗണനയിൽ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോർ കമ്മിറ്റി അംഗങ്ങൾ. സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കെത്തിയ സംസ്ഥാന നേതൃത്വത്തിന് മുന്നിലാണ് പാലക്കാട് നിയോജക മണ്ഡലം കോർ കമ്മിറ്റിയിലെ ഒരു വിഭാഗം നിലപാട് അറിയിച്ചത്.
പാലക്കാട് ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്നും പകരം പ്രശാന്ത് ശിവനെ സ്ഥാനാർത്ഥിയാക്കണം എന്നുമാണ് പ്രാദേശിക നേതാക്കളുടെ നിലപാട്. നാട്ടുകാരനായതിനാൽ തന്നെ പാർട്ടി വോട്ടുകൾക്കപ്പുറം നിഷ്പക്ഷ വോട്ടുകളും പ്രശാന്ത് ശിവനിലൂടെ നേടാനാകുമെന്നാണ് വിലയിരുത്തൽ.
മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കാൻ സംസ്ഥാന നേതാക്കളിൽ ചിലർക്ക് ആഗ്രഹമുണ്ട്. എന്നാൽ 25 അംഗ കോർ കമ്മിറ്റി അംഗങ്ങളിൽ ഭൂരിഭാഗം പേരും സംസ്ഥാന നേതൃത്വത്തിനോട് നിർദേശിച്ചത് പ്രശാന്ത് ശിവന്റെ പേരാണ്. ഇക്കാര്യം ചർച്ചക്കെത്തിയ സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. രണ്ട് പേർ വീതമാണ് ശോഭ സുരേന്ദ്രന്റയും പാലക്കാട് മുൻ നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്റെയും പേര് നിർദേശിച്ചത്.




