Uncategorized

കൊറിയൻ സുഹൃത്ത് മരിച്ച വിവരം അവൾ എങ്ങനെ അറിഞ്ഞു?’ സംശയങ്ങൾ ഉന്നയിച്ച് മരിച്ച 16കാരിയുടെ അച്ഛൻ

കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ ദുരൂഹതയെന്ന് കുടുംബം. തന്റെ മകൾക്ക് കൊറിയയിൽ സുഹൃത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും നാട്ടിലുള്ള ആരോ മകളെ കെണിയിൽ പെടുത്തിയതാണെന്നും പെൺകുട്ടിയുടെ പിതാവ് മഹേഷ് ആരോപിച്ചു. കൊറിയൻ ഭാഷയോടും സംസ്കാരത്തോടും മകൾക്ക് ഉണ്ടായിരുന്ന താല്പര്യം ആരെങ്കിലും മുതലെടുത്തത് ആകാമെന്നാണ് കുടുംബത്തിന്റെ സംശയം

എട്ടാം ക്ലാസ് മുതൽ മകൾക്ക് കൊറിയൻ ഭാഷ പഠിക്കാൻ താല്പര്യമുണ്ടായിരുന്നുവെന്നും അതിനുള്ള എല്ലാ സൗകര്യങ്ങളും താൻ ചെയ്തു കൊടുത്തിരുന്നുവെന്നും മഹേഷ് പറയുന്നു. എന്നാൽ കൊറിയയിലുണ്ടെന്ന് പറയുന്ന സുഹൃത്ത് വാഹനാപകടത്തിൽ മരിച്ച വിവരം മകൾ എങ്ങനെ അറിഞ്ഞു എന്നതാണ് പ്രധാന ചോദ്യം. മാധ്യമങ്ങളിലൊന്നും വരാത്ത ഈ വിവരം ആരോ മകളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങൾ തനിക്ക് വിശ്വസിക്കാനാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടി തന്റെ ഇൻസ്റ്റാഗ്രാം ചാറ്റുകൾ നേരത്തെ ഡിലീറ്റ് ചെയ്തിരുന്നു. ഈ ചാറ്റുകൾ വീണ്ടെടുക്കാനായി മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പോലീസ്. ചാറ്റുകൾ വീണ്ടെടുക്കുന്നതോടെ മരണത്തിലേക്ക് നയിച്ചയഥാർത്ഥ കാരണവും ആരെങ്കിലും കൊറിയൻ സുഹൃത്തെന്ന വ്യാജേന പെൺകുട്ടിയെ കബളിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമാകുമെന്ന് പോലീസ് കരുതുന്നു.

പുതിയ തലമുറയിലെ കുട്ടികൾക്കിടയിൽ കൊറിയൻ സിനിമകളോടും ഭാഷയോടും വർദ്ധിച്ചു വരുന്ന താല്പര്യം ഇത്തരം ചതിക്കുഴികൾക്ക് കാരണമാകുന്നുണ്ടോ എന്ന ആശങ്കയും ഈ സംഭവംഉയർത്തുന്നുണ്ട്. വളരെ സാധാരണ കുടുംബത്തിൽപ്പെട്ട മഹേഷ്, തന്റെ മകൾക്കുണ്ടായ ഈ ഗതി ഇനിയൊരു കുട്ടിക്കും ഉണ്ടാകരുത് എന്നത് മുൻനിർത്തിയാണ് പരാതിയുമായി മുന്നോട്ടുപോകുന്നത്. വരും ദിവസങ്ങളിൽ ഫോറൻസിക് റിപ്പോർട്ട് പുറത്തുവരുന്നതോടെ കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button