നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതി; അന്തിമ വോട്ടർപട്ടിക 21ന്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. അന്തിമ വോട്ടർ പട്ടിക 21 ന് പ്രസിദ്ധീകരിക്കും. അതിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ ഈ ആഴ്ച്‌ച കേരളത്തിലെത്തും.
സംസ്ഥാനം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ തിരക്കിലേക്ക് കടക്കുകയാണ്. ചൊവ്വാഴ്‌ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരും.
എസ്ഐആർ ഹിയറിങ് അതിനു മുൻപ് പൂർത്തിയാകാനാണ് സാധ്യത. 16 മണ്ഡലങ്ങളിൽ ഒഴികെ മറ്റിടങ്ങളിൽ ഹിയറിങ് പൂർത്തിയായി കഴിഞ്ഞു. ഇതുവരെ ഏകദേശം 40,000 പേരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈമാസം 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതോടെ ഒഴിവായവരെ കുറിച്ചുള്ള വ്യക്‌തമായ മുഴുവൻ വിവരവും
പുറത്തുവരും.
21 നും 22 നും കേന്ദ്ര തിരഞ്ഞെപ്പ് കമ്മിഷനിലെ ഡെപ്യൂട്ടി കമ്മിഷണർ കേരളത്തിലെത്തും. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ, ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാകലക്ടർമാർ എന്നിവരുമായി ചർച്ചകൾ ഉണ്ടാകും. ഉദ്യോഗസ്ഥരുടെ വിന്യാസം, ഇവിഎം പരിശോധന, ബൂത്തുകളുടെ ക്രമീകരണം എന്നിവയിൽ അവസാനവട്ട തീരുമാനം ഉടനെയുണ്ടാകും. ഈ മാസം അവസാനത്തോടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെത്താനിടയുണ്ട്. മാർച്ച് ആദ്യആഴ്ചയോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ.




