‘അതിക്രമം കടുത്ത മാനസിക ആഘാതമുണ്ടാക്കി, മുഖ്യമന്ത്രിയെ രേഖാമൂലം എല്ലാം അറിയിച്ചിട്ടും എഫ്ഐആര്‍ ഇട്ടില്ല’; തുറന്ന് പറഞ്ഞ് ഡോ ആശ ആച്ചി ജോസഫ്

തിരുവനന്തപുരം: അതിക്രമം കടുത്ത മാനസിക ആഘാതമുണ്ടാക്കിയെന്ന് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസിലെ പരാതിക്കാരി. മുഖ്യമന്ത്രിയെ രേഖാമൂലം എല്ലാം അറിയിച്ചിരുന്നുവെന്നും ഡോ. ആശ ആച്ചി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിശദമായ പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകി 14ദിവസം കഴിഞ്ഞിഞ്ഞിട്ടും എഫ്ഐആർ ഇട്ടില്ല.പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ലെന്നാണ് അറിഞ്ഞത്. പിന്നീട് വാര്‍ത്ത വന്നശേഷമാണ് എഫ്ഐആര്‍ ഇട്ടത്. ഇതോടെ താൻ വിശ്വസിച്ചിരുന്ന സിസ്റ്റത്തിൽ സംശയം തോന്നി തുടങ്ങി. സെലക്ഷൻ കമ്മിറ്റി ജൂറി എന്ന നിലയിൽ എല്ലാവരും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലൊരു കാര്യം നടന്നുകൊണ്ടിരിക്കെ അതിൽ ഒരാള്‍ ഇത്തരത്തിൽ പെരുമാറുന്ന സംഭവം ഉണ്ടായപ്പോള്‍ തന്റെ അഭിമാനം തന്നെ ചോദ്യചെയ്യപ്പെടുകയായിരുന്നുവെന്നും ആശ ആച്ചി പറഞ്ഞു. സംഭവത്തിനുശേഷം ആദ്യമായാണ് ഒരു ചാനലിൽ ആശ ആച്ചി തന്റെ ദുരനുഭവം തുറന്നുപറയുന്നത്.




