Uncategorized

തമിഴ്നാട്ടിലും ‘ബിഹാർ’മോഡൽ; തന്ത്രപരമായ നീക്കവുമായി സ്റ്റാലിൻ സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് വമ്പൻ ആനുകൂല്യം, ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി

ചെന്നൈ: തമിഴ്നാട്ടിലും ‘ബിഹാർ’ മോഡൽ നടപ്പാക്കി സ്റ്റാലിൻ സര്‍ക്കാര്‍. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി.നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എംകെ സ്റ്റാലിന്‍റെ തന്ത്രപരമായ നീക്കം. പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് 5000 രൂപ കൈമാറിയത്. ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ തുക മുൻ‌കൂറായി നൽകി. ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് നിർണായക നീക്കം.

ആകെ 1.31 കോടി സ്ത്രീകൾക്ക് ആനുകൂല്യം ലഭിക്കും. ബിഹാർ ഫലം വന്ന ദിവസം ഡിടിബി ആനുകൂല്യങ്ങൾ നിർണായകം ആയെന്നും രാഷ്ട്രീയ പാർട്ടികൾക്ക് പാഠം ആയെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ആനുകൂല്യങ്ങൾ തടയാൻ ചിലർ ശ്രമിക്കുന്നതായി സ്റ്റാലിൻ ആരോപിച്ചു. ആരൊക്കെ എതിർത്താലും വാക്ക് പാലിക്കുമെന്നും സ്റ്റാലിൻ 2.0 അധികാരത്തിലെത്തിയാൽ പ്രതിമാസം 2000 രൂപ വീതം സ്ത്രീകള്‍ക്ക് നൽകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.ഇന്ന് രാവിലെ എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടിൽ പണം എത്തിയെന്നും സ്റ്റാലിൻ പറഞ്ഞു. എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വെട്ടാനാണ് സ്റ്റാലിന്‍റെ തുറുപ്പുചീട്ട്. എഐഎ‍ഡിഎംകെ സര്‍ക്കാര്‍ 2000 രൂപ വീതം നൽകുമെന്ന് ഇപിഎസ് വാഗ്ദാനം ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button