Uncategorized

പണിമുടക്ക് ആയിട്ടും യുഡിഎഫ് യാത്ര മാറ്റാന്‍ തയ്യാറായില്ലെന്ന് CPIM; അപമാനിക്കുന്നതിന് തുല്യമെന്ന് CITU

മലപ്പുറം: ദേശീയ പണിമുടക്കിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്ര മാറ്റിവെക്കാത്തതില്‍ സിപിഐഎം വിമര്‍ശനം. എല്‍ഡിഎഫ് യാത്ര മാറ്റിവെച്ചുവെന്നും യുഡിഎഫ് തയ്യാറായില്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഐഎന്‍ടിയുസിയുടെ ആളുകള്‍ പറയുന്നത് യുഡിഎഫ് സമ്മതിക്കുന്നില്ലായെന്നതാണ്. ഇത് അങ്ങേയറ്റം തെറ്റായ കാര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കക്ഷി രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി തൊഴിലാളി രാഷ്ട്രീയത്തെ വേര്‍തിരിക്കാന്‍ പാടില്ല. വി ഡി സതീശന്‍ ജാഥ മാറ്റണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുത്തില്ല. നരേന്ദ്രമോദി സര്‍ക്കാരിനെ തിരുത്തിക്കാന്‍ ഫലപ്രദമായി ഇടപെടണം. തൊഴിലാളി വിരുദ്ധ നടപടികള്‍ മോദി സര്‍ക്കാര്‍ ഓരോ ദിവസവും ശക്തിപ്പെടുത്തുകയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

പണിമുടക്കിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് ജാഥ നടത്തുന്നതിന് അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് സിപിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം പ്രതികരിച്ചു. കോടിക്കണക്കിന് തൊഴിലാളികള്‍ ജീവന്‍മരണ സമരം നടത്തുമ്പോള്‍ ബഹുമാന സൂചകമായെങ്കിലും ഇന്ന് യുഡിഎഫ് ജാഥ മാറ്റിവെക്കേണ്ടതായിരുന്നു. ഇന്നൊരു ദിവസം മാറ്റിവെച്ചതുകൊണ്ട് ഒരു തെരഞ്ഞെടുപ്പിനെയും ബാധിക്കാന്‍ പോകുന്നില്ല എന്നും എളമരം കരീം പറഞ്ഞു.

പണിമുടക്ക് ഒരു താക്കീത് ആണ്. ലേബര്‍ കോഡുകള്‍ പൂര്‍ണമായി പിന്‍വലിക്കണം എന്നാണ് ആവശ്യം. സമരം നടക്കുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ നോക്കി നടക്കുന്ന ചിലരുണ്ട്. ചക്ക മുറിക്കുമ്പോള്‍ ഒരു കുരുവെങ്കിലും മുറിയില്ലേ എന്നും എളമരം കരീം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button