മകനും കൊച്ചുമക്കളും പോയിക്കഴിഞ്ഞാൽ അമ്മായിയച്ഛൻ കടന്നുപിടിക്കും; പരാതി നൽകി സ്കൂൾ പ്രിൻസിപ്പൽ

ആറു വർഷമായി ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി നൽകി സ്കൂൾ പ്രിൻസിപ്പൽ. നോർത്ത് ബെംഗളൂരുവിലാണ് സംഭവം. വിവരം ഭർത്താവിനെ അറിയിച്ചെങ്കിലും ഉപദ്രവം തുടരുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
2007 മുതൽ ആർടി നഗറിലെ സ്വകാര്യസ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന യുവതിക്കാണ് ഭർത്താവിന്റെ പിതാവിൽ നിന്നും മോശം അനുഭവം ഉണ്ടായത്. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പമാണ് ഇവരുടെ താമസം. 2020 മുതലാണ് സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭർതൃപിതാവ് യുവതിയെ ഉപദ്രവിക്കുന്നത്. ഒരേ അപാർട്ട്മെന്റിൽ തന്നെ രണ്ട് സ്ഥഥലത്തായാണ് യുവതിയുടെ കുടുംബവും ഭർതൃപിതാവും താമസിക്കുന്നത്. താൻ ഒറ്റയ്ക്കുള്ള നേരങ്ങളിലെല്ലാം ഇയാൾ വീട്ടിലേക്ക് കടന്നുവന്ന് ശാരീരികമായി ഉപദ്രവിക്കുമെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
വീടിനുപുറമെ സ്കൂളിൽ വന്നുപോകുന്ന പ്രതി പലപ്പോഴും ലിഫ്റ്റിനു സമീപത്തുവച്ചും ലിഫ്റ്റിനുള്ളിൽവച്ചും സ്കൂൾ കാബിനിൽവച്ചും യുവതിയെ കടന്നുപിടിച്ച് ഉപദ്രവിച്ചിട്ടുണ്ട്. അശ്ലീല ഭാഷ നിറഞ്ഞ കത്തുകൾ നൽകുന്നതും പതിവായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവം ആരോടെങ്കിലും പറഞ്ഞാൽ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഇയാൾ പറഞ്ഞതായും അതിനാൽ മൗനം പാലിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പൽ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗത്യന്തരമില്ലാതെ ഒരു തവണ ഭർത്താവിനെ കാര്യം അറിയിച്ചെങ്കിലും മാറ്റമൊന്നുമുണ്ടായില്ല.
നിവൃത്തിയില്ലാതായതോടെയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.




