Uncategorized

സംസ്ഥാനത്തെ ശിശു പരിപാലന കേന്ദ്രങ്ങളിൽ ഗുരുതര വീഴ്ചകൾ; റിപ്പോർട്ട് സമർപ്പിച്ച് നിയമസഭാ സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ ശിശു പരിപാലന കേന്ദ്രങ്ങളിൽ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിൽ ​ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നതായി നിയമസഭ സമിതിയുടെ റിപ്പോർട്ട്. സ്ത്രീകൾ, ട്രാൻസ്ജെൻഡർ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടേതാണ് കണ്ടെത്തൽ. നിരവധി ശുപാർശകളോടെ സമ​ഗ്ര മാറ്റവും സർക്കാരിന് സമർപ്പിച്ച സ്പെഷ്യൽ റിപ്പോർട്ടിൽ സമിതി ആവശ്യപ്പെടുന്നു
കായംകുളം എംഎൽഎ യു. പ്രതിഭ ചെയർപേഴ്സണായ ഒൻപതംഗ സമിതിയാണ് ക്രഷ്, ഡേ കെയർ സെന്റർ, പ്രീ-സകൂൾ, കിന്റർ​ ഗാർഡൻ എന്നിവിടങ്ങളിൽ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിൽ ​ഗുരുതരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയത്. വിവര ശേഖരണത്തിന്റെ ഭാ​ഗമായി ചോദ്യാവലി തയ്യാറാക്കി വനിതാ ശിശുവികസനം, തദ്ദേശ ഭരണം, പൊതുവിദ്യാഭ്യാസം, ആരോ​ഗ്യ കുടുംബക്ഷേമം എന്നീ വകുപ്പുകൾക്ക് അയച്ചു നൽകി. ഇതിൽ ആരോ​ഗ്യ കുടുംബക്ഷേമം, പൊതു വിദ്യാഭ്യാസം വകുപ്പുകളിൽ നിന്ന് ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കിയില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വനിതാ – ശിശുവികസനം, തദ്ദേശ സ്വയം ഭരണം എന്നീ വകുപ്പുകൾ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം ക്രഷ്, ഡേ കെയർ സെന്ററുകൾ, പ്രീ-സകൂളുകൾ, കിന്റർ ​ഗാർഡനുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഏതെങ്കിലും വകുപ്പിന് വ്യക്തമായ നിയന്ത്രണങ്ങളില്ല.
പ്രീ പ്രൈമറി സ്കൂളുകൾക്കും അം​ഗൻവാടികൾക്കും രജിസ്ട്രേഷനും ലൈസൻസും അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ സംസ്ഥാനത്തെ നിയമങ്ങളിലുമില്ല. കൂടുതൽ സ്ഥാപനങ്ങളും കുട്ടികളുടെ മാനസിക, ശാരീരിക വളർച്ചയേക്കാൾ അക്കാദമിക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് മുൻ​ഗണന നൽകുന്നത്. ഭൂരിപക്ഷം ക്രഷുകളുടെയും അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തതയുണ്ടെന്നും സമിതി കണ്ടെത്തി. ഈ സാഹചര്യത്തിൽ നിരവധി ശുപാർശകളാണ് ഫെബ്രുവരി മൂന്നിന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മുന്നോട്ട് വയ്ക്കുന്നത്.
സംസ്ഥാനത്തെ അംഗനവാടി കം ക്രഷുകളിൽ ശൈശവ പരിരക്ഷ, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഏകോപന സംവിധാനം ഏർപ്പെടുത്തണം. കേന്ദ്ര സർക്കാർ അനുമതി നൽകിയവയിൽ തുടങ്ങാത്ത അംഗനവാടി കം ക്രഷുകൾ പ്രവർത്തന സജ്ജമാക്കണം. അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം വർദ്ധിപ്പിക്കണം. പരാതികൾ കൈകാര്യം ചെയ്യുന്നതിന് വെൽഫെയർ കമ്മിറ്റികളുടെ പ്രവർത്തനവും വനിതശിശുവികസനം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ ഏകോപനവും കാര്യക്ഷമമാക്കണം. സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് സംസ്ഥാന തല മോണിറ്ററിംഗ് സമിതിയും പഞ്ചായത്ത്/ മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ ഉന്നതതല സമിതിയും രൂപീകരിക്കണം. നാഷണൽ എർളി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ പോളിസി സംസ്ഥാനത്ത് ബാധകമാക്കണം.
പ്രസ്തുത മാർഗനിർദേശങ്ങൾ പാലിക്കുന്ന പ്രീ-സ്കൂളുകൾക്ക് മാത്രമേ രജിസ്ട്രേഷനും പ്രവർത്തനാനുമതിയും നൽകാവൂ. രക്ഷാകർത്താക്കൾക്ക് പ്രാപ്യമാകുന്ന തരത്തിലുള്ള സിസിടിവി നിരീക്ഷണ സംവിധാനവും സ്ഥാപനങ്ങളിൽ എർപ്പെടുത്തണം.

ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കായി ആരംഭിച്ച മൊബെെൽ ക്രഷ് പദ്ധതി എല്ലാ ജില്ലകളിലും പുനരാരംഭിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. സംസ്ഥാനം പുരോ​ഗതിയുടെ പാതയിൽ മുന്നേറുമ്പോഴും വേണ്ടത്ര അക്കാദമിക ഏകോപനമില്ലായ്മ പ്രീ-സ്കൂൾ രംഗത്ത് നിലനിൽക്കുന്നതായാണ് സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button