ഇത് ഐക്യമുന്നണിയല്ല, അടിപിടി മുന്നണി’; പുതുയുഗ യാത്രയ്ക്കിടയിലെ പിടിവലിയിൽ പരിഹാസവുമായി ഇടത് നേതാക്കൾ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ ഷാഫി പറമ്പില്‍ രോഷം പ്രകടിപ്പിക്കുകയും നേതാക്കന്മാര്‍ തമ്മില്‍ പിടിവലി നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഇടത് നേതാക്കള്‍. മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീല്‍ എംഎല്‍എ, എ എ റഹീം എംപി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍ഫ് വി വസീഫ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് അടക്കമുള്ളവരാണ് കോണ്‍ഗ്രസിനെയും ഷാഫി പറമ്പില്‍ എംപിയേയും വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയത്.
‘പേര് ഐക്യമുന്നണി’ എന്ന് പറഞ്ഞായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. ‘ഐക്യമുന്നണിയില്‍ എന്തൊരു ഐക്യമാണ്! കാലക്കേടിന് ഇവരുടെ കയ്യില്‍ ഭരണം കിട്ടിയാലുള്ള അവസ്ഥ! പടച്ചോനെ, ആലോചിക്കാന്‍ വയ്യ. ”അടിയുഗ യാത്ര’ കുറ്റ്യാടിയിലെത്തിയപ്പോഴത്തെ അവസ്ഥയാണിത്. ഇത് ഐക്യമുന്നണിയല്ല, അടിപിടി മുന്നണിയാണ്. ഈ തോന്നിവാസികളില്‍ നിന്ന് കേരളത്തെ രക്ഷിക്കാനാണ് പിണറായിയുടെ മൂന്നാം വരവ്’ എന്നായിരുന്നു കെ ടി ജലീല്‍ എംഎല്‍എയുടെ പ്രതികരണം. ‘യുഗം ഏതായാലും കോണ്‍ഗ്രസ് കോണ്‍ഗ്രസ് തന്നെ, ഡിസിസി സെക്രട്ടറി പ്രമോദ് കാക്കട്ടിലിന് കെപിസിസി വക സ്‌നേഹം’ എന്ന് വി വസീഫും പ്രതികരിച്ചു. ‘പുതുയുഗ യാത്ര’ എന്ന ഒറ്റ ക്യാപ്ഷനോടെയായിരുന്നു വി കെ സനോജിന്റെ പരിഹാസം. ഇതോ ക്യാപ്ഷനോടെ എ എ റഹീം എംപിയും കോണ്‍ഗ്രസിനെ പരിഹസിച്ചു. ‘സൈബര്‍ സഖാക്കള്‍ എന്ത് ക്രൂരതയാണ് ഈ കാണിക്കുന്നത്! സ്‌നേഹം കൊണ്ട് ഡിസിസി സെക്രട്ടറിയെ വാരി പുണരുന്ന ഷാഫിക്കയെ നോക്കി ‘ഷോഫിക്കയുടെ ഷോ’ എന്ന അപവാദം പ്രചരിപ്പിക്കുന്ന നിങ്ങളോടൊക്കെ പി ആര്‍ ടീം കണക്ക് ചോദിക്കും. അപലപിക്കുന്നു’ എന്നായിരുന്നു എം ശിവപ്രസാദിന്റെ പരിഹാസം.
ഇന്ന് വൈകിട്ട് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കോഴിക്കോട് കുറ്റ്യാടിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ജാഥാ ക്യാപ്റ്റനായ വി ഡി സതീശന് മുൻപ് ഷാഫി പറമ്പില്‍ എംപിയെ പ്രസംഗിക്കുന്നതിന് വിളിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമായത്. ജാഥാ ക്യാപ്റ്റന് മുന്‍പ് സംസാരിക്കേണ്ടിയിരുന്നത് ഷാഫി പറമ്പില്‍ ആയിരുന്നു. എന്നാല്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഷാഫിക്ക് മുന്‍പ് സതീശനെ ക്ഷണിച്ചു. ഇതിനിടെ വേദിയില്‍ നിന്ന് ഷാഫിയെ പ്രസംഗിക്കാന്‍ വിളിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.
ഇതിന് പിന്നാലെ ഷാഫി പറമ്പിലിനെ വിളിക്കാനായി പ്രമോദ് കക്കട്ടില്‍ മൈക്കിന് അടുത്തേയ്ക്ക് പോയി. ഇതിനിടെ ‘വിളിച്ച് കഴിഞ്ഞിട്ടാണോ എന്നെ വിളിക്കുന്നത്’ എന്ന് ഷാഫി ചോദിച്ചു. തുടര്‍ന്ന് വേദിയില്‍ പിടിവലിയുണ്ടായി. തൊട്ടുപിന്നാലെ സതീശന്‍ വേദിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തു. സതീശന്‍ സംസാരിച്ച ശേഷം പ്രമോദ് കക്കട്ടില്‍ വീണ്ടും ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേയ്ക്ക് വരാനുള്ള ശ്രമം നടത്തി. ഇതിനിടെ പ്രമോദ് കക്കട്ടിലിനെ ഷാഫി പറമ്പില്‍ തടഞ്ഞു. ഏറെ പരിശ്രമിച്ച് മൈക്കിന് അടുത്തേയ്ക്ക് വന്ന പ്രമോദ് കക്കട്ടില്‍ ‘ഇനി പ്രിയപ്പെട്ട ഷാഫി പറമ്പില്‍ എംപി സംസാരിക്കും’ എന്ന് പറഞ്ഞു
പിന്നാലെ സംസാരിക്കാനായി ഷാഫി പറമ്പില്‍ മൈക്കിന് അടുത്തേയ്ക്ക് വന്നു. പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കാം എന്നും പറഞ്ഞു. ‘പ്രതിപക്ഷ നേതാവിനോടാണ്, നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ കുറ്റ്യാടി കൂടി എണ്ണിക്കോളൂ’ എന്ന് മാത്രമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. പിന്നാലെ അവിടെ നിന്ന് മാറുകയും ചെയ്തു. വേദിയില്‍ പിടിവലി നടക്കുമ്പോള്‍ ഇടപെടാതെ മാറിനില്‍ക്കുന്ന വി ഡി സതീശനെയും കാണാമായിരുന്നു. അതേസമയം സയമക്കുറവ് കാരണമാണ് മറ്റ് നേതാക്കള്‍ സംസാരിക്കുന്നത് ഒഴിവാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. വേദിയില്‍ പരക്കെ ആളുകള്‍ കയറിയത് സ്ഥിതി വഷളാക്കിയെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.




