Uncategorized

ആഗോള അഴിമതി സൂചിക 2025 പുറത്ത്; ഏറ്റവും നല്ല രാജ്യം എട്ടാം തവണയും ഡെന്മാർക്ക്; ഇന്ത്യയുടെ സ്കോർ 39, സ്ഥാനം 91!

ദില്ലി: ട്രാൻസ്പെറൻസി ഇൻ്റർനാഷണൽ 2025 ലെ അഴിമതി ധാരണ സൂചിക പുറത്തുവിട്ടു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അഴിമതി ഗുരുതരമായ ഭീഷണിയായി തുടരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉത്തരവാദിത്തമില്ലാത്ത നേതൃത്വത്തെ ജനങ്ങൾ മടുത്തുവെന്നും പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുവെന്നുമാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ലോകമെമ്പാടുമുള്ള 182 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ളതാണ് സൂചിക. സമ്പൂർണ അഴിമതി മുതൽ അഴിമതി രഹിതമായ രാജ്യങ്ങളെ പൂജ്യം മുതൽ 100 വരെ മാർക്ക് നൽകിയാണ് റാങ്ക് ചെയ്തിരിക്കുന്നത്. 2012 മുതലുള്ള കണക്കുകൾ വിലയിരുത്തുമ്പോൾ 31 രാജ്യങ്ങളിൽ അഴിമതി കുറഞ്ഞെന്നും ബാക്കിയുള്ളവയിൽ ഈ പ്രശ്നം പരിഹരിക്കാനായില്ലെന്നും റിപ്പോർട്ട് പറയുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട ആഗോള ശരാശരി 42 ലേക്ക് താഴ്ന്നു. പട്ടികയിലെ മൂന്നിൽ രണ്ട് രാജ്യങ്ങളുടെയും സ്കോർ 50 ൽ താഴെയാണ്. വെള്ളപ്പൊക്ക പ്രതിരോധത്തിൻ്റെയും ആശുപത്രി ഫണ്ടുകളുടെയും പേരിലാണ് ഭൂരിഭാഗം അഴിമതിയും നടക്കുന്നത്. ഇതോടൊപ്പം ലോകത്തെ പല രാജ്യങ്ങളും പൗരാവകാശങ്ങൾക്ക് മേലെ കൂച്ചുവിലങ്ങിടുകയാണെന്നും ഇത് അഴിമതി തഴച്ചുവളരാൻ കാരണമാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അഴിമതി തടയാൻ ജനാധിപത്യവും, മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും അഴിമതി കുറവുള്ള രാജ്യം ഡെന്മാർക്കാണ്(89). എട്ടാം തവണയും പട്ടികയിൽ ഒന്നാമതെത്താൻ അവർക്കായി. രണ്ടാം സ്ഥാനത്ത് ഫിൻലാൻഡും(88) മൂന്നാം സ്ഥാനത്ത് സിങ്കപ്പൂരും (84) ആണുള്ളത്. ന്യൂസിലാൻഡ് (81), നോർവേ (81), സ്വീഡൻ (80), സ്വിറ്റ്സർലൻഡ് (80), ലക്‌സംബർഗ് (78), നെതർലൻഡ്‌സ് (78), ജർമനി (77), ഐസ്‌ലൻഡ് (77) എന്നിങ്ങനെയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെ രാജ്യങ്ങൾ. 39 പോയിൻ്റുമായി ഇന്ത്യ 91ാം സ്ഥാനത്താണ്. 64 പോയിൻ്റുമായി അമേരിക്ക 29ാം സ്ഥാനത്തും 43 സ്കോറുള്ള ചൈന 76ാം സ്ഥാനത്തും 28 പോയിൻ്റുമായി പാകിസ്‌താൻ 136ാം സ്ഥാനത്തും 24 പോയിൻ്റുമായി ബംഗ്ലാദേശ് 150ാം സ്ഥാനത്തുമാണ്. സൗത്ത് സുഡാൻ, സൊമാലിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും അവസാന സ്ഥാനത്തുള്ളത്. ഇവർക്ക് തൊട്ടുമുകളിൽ വെനസ്വേലയാണ്. 2018 ലും 2019 ലും 41 പോയിൻ്റ് നേടിയ ഇന്ത്യക്ക് പിന്നീട് ഈ നിലയിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. 2024 ൽ 38 പോയിൻ്റായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. അന്ന് 92ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ ഒരു സ്ഥാനം മെച്ചപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button