സ്വകാര്യ ബസുകൾക്ക് പണി കൊടുത്ത് ‘ഇടത് കൗൺസിലർമാർ’; പെരുമ്പാവൂർ നഗരത്തിലെ പ്രധാന പാത ഒഴിവാക്കി ഇടവഴി കയറിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു

പെരുമ്പാവൂർ: റൂട്ട് മാറിയോടിയ സ്വകാര്യ ബസുകള്‍ക്ക് മുട്ടന്‍ പണി കൊടുത്ത് എറണാകുളം പെരുമ്പാവൂര്‍ നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാര്‍. റൂട്ട് മാറിയോടിയ സ്വകാര്യ ബസുകളെ യഥാര്‍ഥ റൂട്ടിലേക്ക് റിവേഴ്സ് എടുപ്പിച്ചാണ് കൗണ്‍സിലര്‍മാര്‍ പാഠം പഠിപ്പിച്ചത്. അങ്കമാലി, കാലടി ഭാഗങ്ങളിൽ നിന്നും പെരുമ്പാവൂരിലേക്ക് വരുന്ന സ്വകാര്യ ബസ്സുകൾ സമയക്കുറവിന്റെ പേര് പറഞ്ഞ് എം,സി റോഡിൽ നിന്ന് കുഴുപ്പിള്ളിക്കാവ് റോഡിലൂടെ തിരിഞ്ഞ് നഗര ഹൃദയത്തെ ഒഴിവാക്കിയാണ് സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തുന്നത്. ഏറ്റവും അധികം ആളുകൾക്ക് പോകാനുള്ള മിനി സിവിൽ സ്റ്റേഷൻ, ഗവൺമെന്റ് ആശുപത്രി, സസ്യ മാർക്കറ്റ് ജംഗ്ഷൻ എന്നിവയെല്ലാം ഒഴിവാക്കിയാണ് സ്വകാര്യ ബസ്സുകളുടെ ഓട്ടം. നാട്ടുകാരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാരുടെ ഇടപെടല്‍.
ടൗണിൽ ഗതാഗതക്കുരുക്കെന്ന് പറഞ്ഞ് സ്വകാര്യ ബസുകൾ യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട് വഴിതിരിച്ച് വിടുന്ന സ്ഥിതിയാണെന്ന് ഇടത് കൗണ്‍സിലര്‍ റെജിമോൻ ആരോപിച്ചു. ബലമായി യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിവിടുകയാണ്. ആശുപത്രിയിലേക്ക് പോകുന്ന രോഗികളെയടക്കം വലയ്ക്കുന്നതാണ് ഈ നടപടിയെന്നും റെജിമോൻ കുറ്റപ്പെടുത്തി.




