Uncategorized

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ തുടരുന്ന ക്രമക്കേട്; തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ 25 ലക്ഷത്തോളം രൂപയുടെ ക്രമക്കേട്

തിരുവനന്തപുരം: ശബരിമലയ്ക്കു പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലും ക്രമക്കേട്. ദേവസ്വം ബോർഡിൻ്റെ ഓഡിറ്റിലാണ് 25 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. കാണിക്ക മുതൽ ഭക്തർ നൽകുന്ന സംഭാവനകളിൽ വരെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. ക്രമക്കേട് എണ്ണമിട്ട് നിരത്തിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

ബലിതർപ്പണം നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രം. ശബരിമല കഴിഞ്ഞാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലേയ്ക്ക് ഏറ്റവും അധികം വരുമാനമെത്തുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്ന്. 2019 മുതൽ 21 വരെ ഇവിടെ നടന്ന വലിയ സാമ്പത്തിക ക്രമക്കേടിന്റെ നിർണായ തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 2022 ഏപ്രിലിൽ ദേവസ്വം ബോർ‌ഡ് നടത്തിയ ഓഡിറ്റിലാണ് വലിയ തുക ബോർഡിലേയ്ക്ക് അടയ്ക്കാതെ വെട്ടിച്ചതായി കണ്ടെത്തിയത്.

കാണിക്ക, രസീത് വരവ്, പൂജസാധനങ്ങൾ, തുടങ്ങി ദേവസ്വം ബോർഡിലേയ്ക്ക് എത്താനുള്ള ഇരുപത്തിമൂന്ന് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി നാല് രൂപയുടെ കുറവാണ് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്. ക്രമക്കട് കണ്ടെത്തിയ സമയത്ത് ക്ഷേത്ര ചുമതലയിൽ ഉണ്ടായിരുന്ന രണ്ട് പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ മാത്രം ഇരുപത് ലക്ഷത്തിലധികം രൂപ ബോർഡിന് നൽകാനുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഈ തുക തിരികെ പിടിക്കുന്നതിനോ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കുന്നതിനോ ദോവസ്വംബോർഡ് തയ്യാറിയില്ല. ഉദ്യോഗസ്ഥരിൽ ഒരാൾ പിന്നീട് ദേവസ്വം കമ്മീഷണറായി വിരമിച്ചു, മറ്റൊരാൾ ഇപ്പോഴും സുപ്രധാന ചുമതലയിൽ തുടരുന്നതായാണ് ആക്ഷേപം. ശബരിമലയിൽ താല്കാലിക ജീവനക്കാർ വെട്ടിയ ലക്ഷങ്ങളുടെ കണക്ക് പരിശോധിക്കുന്ന ദേവസ്വം ബോർഡും വിജിലൻസും പക്ഷേ തിരുവല്ലത്തെ ക്രമക്കേടിൽ കണ്ണടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button