Uncategorized

വടൂക്കരയിലെ വീട്ടിലെത്തി സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി CPIM ജില്ലാ സെക്രട്ടറി

തൃശ്ശൂർ: തുടർഭരണം വേണ്ടെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദനെ സന്ദർശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി. സച്ചിദാനന്ദന്റെ വടൂക്കരയിലെ വീട്ടിലെത്തിയാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ അദ്ദേഹത്തെ കണ്ടത്. സാഹിത്യകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചെരുവിലും അബ്ദുൾ ഖാദറിനൊപ്പമുണ്ടായിരുന്നു.
സച്ചിദാനന്ദന്റേത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ലെന്നും വിശാലമായ താത്വികതലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണമെന്നും അബ്ദുൾ ഖാദർ മാധ്യമങ്ങളോട് പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായുള്ള പ്രതികരണമാണ് സച്ചിദാനന്ദൻ നടത്തിയത്. കേരളത്തിലെ ഇടതുപക്ഷത്തോടും മൂല്യങ്ങളോടും അങ്ങേയറ്റം ആദരവുള്ള മനുഷ്യനും ശക്തനായ സെക്കുലറുമാണ് അദ്ദേഹം, അത്തരത്തിലുള്ള സച്ചിദാനന്ദൻ മാഷ് കേരളത്തിലെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിലപാട് എടുത്തു എന്ന നിലയിൽ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സച്ചിമാഷെ കണ്ടത് ദൗത്യമായി പോയതല്ല. താൻ ഉദ്ദേശിച്ചതലത്തിലല്ല മാധ്യമ വാർത്തകളെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. സച്ചിമാഷിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ വിവാദം അടഞ്ഞ അധ്യായമാണ്. ഇന്നലെ വന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. സച്ചിമാഷ് ഏറ്റവും പ്രിയപ്പെട്ട ആളാണ്. കേരളത്തിലെ ഇടത് മൂല്യം അറിയാത്ത ആളല്ല, എന്നാൽ പാർട്ടി അംഗമല്ല. വിമർശിക്കാൻ അവകാശമുണ്ട് എന്നാണ് ഞങ്ങൾ കാണുന്നതെന്നും അബ്ദുൾ ഖാദർ പറഞ്ഞു.

കേരളത്തിൽ തുടർഭരണം വേണ്ട എന്ന് കെ സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നുമായിരുന്നു സച്ചിദാനന്ദന്‍റെ വാക്കുകൾ. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും അഭിപ്രായപ്പെട്ട സച്ചിദാനന്ദനെതിരെ വ്യാപക സൈബർ ആക്രമണമുണ്ടായിരുന്നു.

പിന്നാലെ അദ്ദേഹം ഇന്ന് വീണ്ടും പ്രതികരിച്ച് രംഗത്ത് വരികയുണ്ടായി. വെർച്വൽ മൂഢസ്വർഗത്തിൽ ജീവിക്കുന്ന സൈബർ ആൾക്കൂട്ടം കാര്യമറിയാതെയാണ് തന്നെ വിമർശിക്കുന്നതെന്നും പറയാൻ ശ്രമിച്ച കാര്യങ്ങളുടെ ആഴം മനസിലാക്കാതെയാണ് വിമർശനമെന്നും സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
വിമർശനങ്ങളെ അവസരങ്ങളായി കാണുന്നുവെന്നാണ് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക് പറഞ്ഞത്. സച്ചിദാന്ദന്റെ അഭിപ്രായത്തെ തള്ളിക്കൊണ്ട് മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ രംഗത്തുവന്നിരുന്നു. സച്ചിദാനന്ദന്റെ അഭിപ്രായമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ അണികൾക്കും ജനങ്ങൾക്കുമെന്നും വികസനം തുടരണം എന്നതാണ് എല്ലാവരുടേയും അഭിപ്രായം എന്നുമാണ് ശൈലജ പറഞ്ഞത്. എന്നാൽ സച്ചിദാനന്ദന്റെ വിമർശനത്തോട് കാതുപൊത്തില്ല എന്നും നിർദേശത്തെ ഗൗരവത്തോടെ കാണുമെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.

കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയും സാഹിത്യകാരൻ അശോകൻ

ചെരുവിലും സച്ചിദാനന്ദനെ വിമർശിച്ച് രംഗത്തെത്തിയപ്പോൾ സാഹിത്യകാരി സാറാ ജോസഫ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button