വനിതാ ഡോക്ടറുടെ മുറിയിൽ കയറിയ 19കാരൻ! പൊക്കിയത് നാലേകാൽ ലക്ഷത്തിൻ്റെ സാധനം, കൂട്ടത്തിൽ ഡയമണ്ടും..

വനിതാ ഡോക്ടടറുടെ മുറിയിൽ കയറി ഡയമണ്ട് മാല, ഡയമണ്ട് മോതിരം, സ്വർണ മോതിരം, ലാപ്ടോപ്പ്, ഐ ഫോൺ എന്നിവ കവർന്ന 19കാരനെ വിരലടയാളം പിന്തുടർന്നുള്ള ശാസ്ത്രീയ അന്വേഷണത്തിൽ മൂന്നാറിൽ നിന്ന് പൊക്കി പൊലീസ്. ഏകദേശം നാലേകാൽ ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ തമിഴ്നാട് മധുര സ്വദേശി സതീഷ് കുമാറിനെയാണ് (19) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 23ന് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലെ 103-ാം നമ്പർ മുറിയിൽ കയറിയാണ് സതീഷ് ഇത്രയധികം സാധനങ്ങൾ അടിച്ചുമാറ്റിയത്. ആലപ്പുഴ സ്വദേശി ഡോ. ഷഹാനയാണ് മുറിയിൽ താമസിച്ചിരുന്നത്. അവർ വാതിൽ പൂട്ടാതെ പുറത്തു പോയപ്പോഴാണ് മുറിയിലുണ്ടായിരുന്നു സാധനങ്ങൾ മോഷ്ടാവ് അടിച്ചെടുത്തത്.
സി.സി ടിവി ദൃശ്യത്തിൽ നിന്ന് മോഷ്ടാവ് ഓട്ടോയിൽ ചക്കരപ്പറമ്പിലെ ആക്രിക്കടയിൽ പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. എന്നാൽ ആദ്യം മോഷ്ടാവ് ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മുറിയിൽ നിന്ന് കിട്ടിയ വിരലയാളത്തിൻ്റെ തുമ്പ് പിടിച്ച് നടത്തിയ അന്വേഷണമാണ് മൂന്നാറിൽ ഒളിച്ച് താമസിച്ച പ്രതിയിലേക്കെത്തിയത്.
മൂന്നാറിലെത്തിയ എളമക്കര പൊലീസ് സംഘം വളരെ പണിപ്പെട്ടാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. മോഷ്ടിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങൾ 5000 രൂപയ്ക്ക് വിറ്റതായിട്ടാണ് ഇയാൾ പറയുന്നത്. ഡയമണ്ട് ആഭരണങ്ങളെക്കുറിച്ച് മോഷ്ടാവ് ഒന്നും പറയുന്നുമില്ല. ഇന്നലെ രാത്രിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.




