സതീശന്റെ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് നഗരസഭ വക ഫ്ലെക്സ്! വയനാട്ടിൽ പുതുയുഗ യാത്രയിൽ വിവാദം, പ്രതിഷേധം ഉയർത്തി ഡിവൈഎഫ്ഐ

മാനന്തവാടി: വയനാട്ടില്‍ യുഡിഎഫിന്റെ പുതുയുഗയാത്രയില്‍ വിവാദം. യാത്രയ്ക്ക് ആശംസ അറിയിച്ച് മാനന്തവാടി നഗരസഭ ബോര്‍ഡ് വെച്ചതാണ് വിവാദത്തിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രയുടെ ജില്ലയിലെ ആദ്യ സ്വീകരണം മാനന്തവാടിയിലായിയിരുന്നു. ഇതിന്റെ ഭാഗമായാണ് നഗരത്തിലുടനീളം ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ നഗരസഭ ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള ബോര്‍ഡുകളുമുണ്ടായിരുന്നു.
ഫ്ലെക്സ് ബോര്‍ഡില്‍ ഏറ്റവും താഴെയായി ‘ആശംസകളോടെ മാനന്തവാടി നഗരസഭ’ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. യുഡിഎഫ് ഒരുക്കുന്ന സ്വീകരണ പരിപാടിയുടെ ബോര്‍ഡുകളില്‍ നിയമ വിരുദ്ധമായി ഒരു ഭരണഘടന സ്ഥാപനത്തിന്റെ പേര് എഴുതിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതഷേധം. സെക്രട്ടറിയെ ഉപരോധിച്ച പ്രവര്‍ത്തകര്‍ നഗരസഭയുടെ പേര് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
രേഖാമൂലമുള്ള പരാതി സെക്രട്ടറി സ്വീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതിനിടെ സംഭവം വിവാദമായതോടെ ബോര്‍ഡുകളില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എന്ന് പിന്നീട് എഴുതി ചേര്‍ത്തു. കെ ആര് ജിതിന്, വി ബി ബബീഷ്, കെ അഖില്‍, എ കെ റൈഷാദ്, കെ ശ്രീജിത്ത്, ലിജീഷ്, ഹരീഷ് എരുമത്തെരുവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. നഗരസഭ ഫണ്ട് ഫ്ലെക്സ് വയ്ക്കുന്നതിനായി അനുവദിക്കുമെന്ന സാഹചര്യത്തിലാണ് പ്രതിഷേധം നടത്തിയതെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. ഇതിനെതിരെ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.




