Uncategorized

മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തു;അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍

ഉടുമ്പന്നൂര്‍: മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തതിന് അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍. ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി വേലപ്പനാണ് പിടിയിലായത്. മകൻ രാജേഷ്(43) ആണ് പിതാവ് വേലപ്പനെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം.

പ്രതിയായ രാജേഷ് പൂപ്പാറയിലാണ് താമസിക്കുന്നത്. നാലു ദിവസം മുമ്പ് ഇയാള്‍ സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതിനായി എത്തിയിരുന്നു.സഹോദരൻ്റെ വീട്ടിലാണ് വേലപ്പന്‍ താമസിക്കുന്നത്. കഴിഞ്ഞ നാല് ദിവസവും പ്രതി അച്ഛനും സഹോദരനുമൊപ്പം ഈ വീട്ടില്‍ ഉണ്ടായിരുന്നു.സംഭവദിവസം മദ്യപിച്ച് വീട്ടിലെത്തിയ രാജേഷ് വേലപ്പനുമായി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഈ സമയം വീട്ടിൽ വേലപ്പന്റെ ഭാര്യ അമ്മിണിയും മൂത്തമകൻ രാജീവിന്റെ ഭാര്യയും മറ്റൊരു ബന്ധുവുമാണ് ഉണ്ടായിരുന്നത്. വാക്കേറ്റം കൈയാങ്കളിയിലേക്ക് മാറി. ഇതിനിടെ രാജേഷ് കൈയിൽ കിട്ടിയ കല്ല് ഉപയോഗിച്ച് വേലപ്പന്റെ തലയ്ക്കടിച്ചു. ഇയാൾ ബോധരഹിതനായി നിലത്തുവീണതോടെ വീട്ടിലുണ്ടായിരുന്നവർ ബഹളംവെക്കുകയായിരുന്നു.

അയൽക്കാർ വീട്ടിലേക്ക് ഓടിയെത്തി വേലപ്പനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും രാജേഷ് ആരെയും വീട്ടിലേക്ക് അടുക്കാൻ അനുവദിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ജോൺസൻ കരിമണ്ണൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി രാജേഷിനെ കീഴ്‌പ്പെടുത്തി വേലപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വേലപ്പനെ ഉടനെ തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ഡോക്ടര്‍ തന്നെ 108 ആംബുലന്‍സ് വിളിച്ച് വരുത്തുകയും ചെയ്തു. എന്നാല്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് എത്തിയില്ല എന്നു പറഞ്ഞ് തര്‍ക്കമുണ്ടാവുകയും ഇതിനിടെ വേലപ്പന്‍ മരിക്കുകയായിരുന്നു.

സംഭവത്തില്‍ ആശുപത്രി അധിക്യതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഡോ പിഎന്‍ അജി പറഞ്ഞു. പരിക്കേറ്റ വേലപ്പന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത്. ഇതിനായി 108 ആംബുലൻസ് വിളിച്ച് നൽകുകയും ചെയ്തു. ആംബുലൻസ് ബന്ധപ്പെട്ട് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലയെന്നും സൂപ്രണ്ട് വ്യക്തമാക്കി. വേലപ്പനെ ആംബുലൻസിൽ കയറ്റാത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേലപ്പന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button