Uncategorized

മദ്യലഹരിയിൽ ലംബോർഗിനി റോഡരികിലുള്ളവർക്ക് നേർക്ക് ഓടിച്ചുകയറ്റി സിഗരറ്റ് കമ്പനി മുതലാളിയുടെ മകൻ; 6 പേർക്ക് പരിക്ക്

കാൺപൂർ: ഉത്തർപ്രദേശിൽ സിഗരറ്റ് കമ്പനി മുതലാളിയുടെ മകൻ മദ്യലഹരിയിൽ അലക്ഷ്യമായി ഓടിച്ച ആഡംബര കാറിടിച്ച് ആറോളം പേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ടോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. വ്യവസായിയായ കെ.കെ. മിശ്രയുടെ മകനായ ശിവം മിശ്രയാണ് മദ്യലഹരിയിൽ ലംബോർഗിനി കാറുമായി കാൺപൂരിലെ ഏറ്റവും തിരക്കേറിയ വിഐപി റോഡിലൂടെ അഭ്യാസം നടത്തിയത്. ശിവം ഓടിച്ചിരുന്ന ലംബോർഗിനി റെവെൽറ്റോ കാറാണ് നിരവധി യാത്രക്കാരേയും വാഹനങ്ങളും ഇടിച്ചുതെറിപ്പിച്ചത്.
ഞായറാഴ്ച വൈകുന്നേരം 3.15 ഓടെ റെവ് 3 മാളിന് സമീപം വച്ചാണ് അപകടം നടന്നതെന്ന് സെൻട്രൽ ഡിസിപി അതുൽ കുമാർ ശ്രീവാസ്തവ പറഞ്ഞു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് ശിവം മിശ്രയുടെ കാർ ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയും പിന്നീട് സമീപത്തായി പാർക്ക് ചെയ്തിരുന്ന റോയൽ എൻഫീൽഡ് ബൈക്കിൽ ഇടിക്കുകയും ചെയ്തു. കാർ യാത്രക്കാരനായ തൗഫീഖ് അഹമ്മദ് ഏകദേശം 10 അടി ദൂരെ മാറിയാണ് തെറിച്ചുവീണത്. ഇയാൾക്ക് കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഇടിച്ച ബൈക്കും വലിച്ചുനീക്കി കുറച്ചു ദൂരം മൂന്നോട്ടേക്ക് പോയി ഒരു വൈദ്യുത തൂണിൽ ഇടിച്ച ശേഷമാണ് ലംബോർഗിനി കാർ നിന്നത്. അപകടത്തിൽ ആറ് പേർക്കാണ് പരിക്കേറ്റതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അപകടശേഷം കാറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപ്പിച്ചു. കോപാകുലരായ ആൾക്കൂട്ടം ലംബോർഗിനിയുടെ ഗ്ലാസുകൾ തല്ലിത്തകർത്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാറിന് 10 കോടി രൂപയിലധികം വില വരും. വാഹനം പൊലീസ് കസ്റ്റഡിയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button