Uncategorized

ഗൃഹസന്ദര്‍ശന പരിപാടി ഫലപ്രദമായി പൂർത്തിയാക്കാനായില്ലെന്ന് CPIM;കീഴ്ഘടകങ്ങൾക്ക് സർക്കുലറയച്ച് സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചതുപോലെ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം. പാർട്ടി തീരുമാനിച്ചത് പോലെ പരിപാടി പൂർത്തികരിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടി സഖാക്കൾക്ക് പോരായ്മ സംഭവിച്ചുവെന്നും ഇത് വ്യക്തമാക്കുന്നതായിരുന്നു ഗൃഹസന്ദർശന പരിപാടിയെന്നും സർക്കുലറിൽ പറയുന്നുണ്ട്.

ഏറ്റവും ഫലപ്രദമായി മാറ്റാൻ കഴിയുന്ന ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചതുപോലെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ക്യാമ്പയിനോട് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ തിരുത്തുന്ന വിധം എല്ലാ ഘടകങ്ങളും ഇടപെടണമെന്നും സർക്കുലറിൽ പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്, സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ സംബന്ധിച്ച് താഴെത്തട്ടിലുള്ള ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി 15ന് സിപിഐഎം ഗൃഹസന്ദർശന പരിപാടി ആരംഭിച്ചത്.ജനങ്ങളുമായി നേരിട്ട് സംവദിക്കുക, അവരുടെ നിർദ്ദേശങ്ങളും പരാതികളും കേൾക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കമ്മിറ്റി രൂപീകരിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. പാർട്ടി ബൂത്ത് കമ്മിറ്റിക്ക് പുറമെ മുൻകാല പാർട്ടി പ്രവർത്തകർ, പാർടി മെമ്പർമാരല്ലാത്ത സജീവ അനുഭാവികൾ, പൊതുസ്വീകാര്യതയുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തി സഹായക കമ്മിറ്റികൾ രൂപീകരിക്കണമെന്നാണ് നിർദേശം.

വോട്ടർമാരും അവരുടെ കുടുംബങ്ങളുമായും അടുത്ത ബന്ധം സ്ഥാപിക്കണം, പാർട്ടിയിൽനിന്നും വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാനുള്ള ഇടപെടൽ നടത്തണം, സ്ത്രീകളുടെ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കണം, ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീ സഖാക്കളെയും സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

എൽഡിഎഫ് കെട്ടുറപ്പോടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, എവിടെയെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് പ്രത്യേകം ഇടപെടണം, ഇക്കാര്യത്തിൽ മേൽക്കമ്മിറ്റികളുടെ പ്രത്യേക ശ്രദ്ധയുണ്ടാകണം, ഓരോ മേഖലയിലെയും ചെറുതും വലുതുമായ സാമുദായിക സംഘടനകളുമായി നല്ല ബന്ധം പുലർത്താൻ ശ്രദ്ധിക്കണമെന്നും നിർദേശത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button