Uncategorized

ശബരിമല സ്വര്‍ണക്കൊളള: ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാൻ എസ്ഐടി, പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളിൽ വ്യക്തത തേടും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസിൽ ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാൻ എസ്ഐടി. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുളള ചിത്രങ്ങളില്‍ വ്യക്തത തേടാനാണ് എസ്ഐടിയുടെ തീരുമാനം. പോറ്റിയുമായി ആൻ്റോ ആൻ്റണിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. തന്ത്രിയുടെ നിക്ഷേപമുള്ള ബാങ്കിൽ പണമിടപാടുണ്ടോ എന്നും അന്വേഷിക്കും.

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ ആന്റോ ആന്റണി എംപിക്കെതിരെ ഇ ഡിയും അന്വേഷണം നടത്തും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്ഥാപന ഉടമ എന്‍ എം രാജു രണ്ടുകോടി രൂപ നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റോ ആന്റണിയെ ചോദ്യംചെയ്യാന്‍ ഇ ഡി ഒരുങ്ങുന്നത്. ആന്റോ ആന്റണിയ്ക്ക് ലഭിച്ചത് തട്ടിപ്പുപണമാണ് എന്ന വിലയിരുത്തലിലാണ് ഇ ഡി. കേസില്‍ എന്‍ എം രാജുവിന്റെയും കുടുംബത്തിന്റെയും 44 കോടി 50 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു.

ശബരിമല സ്വര്‍ണക്കൊളളയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയെ എസ്ഐടി കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. നേരത്തേ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button