അപകടത്തിന് പിന്നാലെ നടൻ്റെ ഫോൺ സ്വിച്ച് ഓഫ്; വിവരം അറിയിച്ചില്ല; പൊലീസിന് വീഴ്ചയില്ലെന്ന് DCPയുടെ റിപ്പോർട്ട്

തിരുവനന്തപുരം: മണിയൻപിള്ള രാജു ഉൾപ്പെട്ട വാഹനാപകട കേസിൽ പൊലീസിന് വീഴ്ചയില്ലെന്ന് ഡിസിപിയുടെ റിപ്പോർട്ട്. ബോധപൂർവമായ അലംഭാവം ഉണ്ടായില്ലെന്നും അപകടമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ തന്നെ വാഹനം ആരുടേതാണ് എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകട വിവരം മണിയൻപിള്ള രാജു പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് ഡിസിപിയുടെ റിപ്പോർട്ടിൽ പറയുന്നു. അപകട വിവരം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അറിയിച്ച ശേഷം മണിയൻപിള്ള രാജു തന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു.
സ്റ്റേഷനിലെ ലാൻഡ് ഫോൺ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്ന് മണിയൻപിള്ള രാജു നേരിട്ട് വിളിച്ചതായി കണ്ടെത്തിയിട്ടില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് മണിയൻപിള്ള രാജുവിനെ നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.വിവരം അറിഞ്ഞ ശേഷം രാത്രിയോടെ തന്നെ പൊലീസ് സംഘം മണിയൻപിള്ള രാജുവിൻ്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ നടൻ വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ മടങ്ങിപ്പോയ പൊലീസ് വീണ്ടും മണിയൻപിള്ളയുടെ വീട്ടിലെത്തി. വീട് കുത്തിതുറന്നോ മറ്റോ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് മ്യൂസിയം സിഐ നൽകിയ മൊഴി. അടുത്ത ദിവസം രാവിലെ വരെ പൊലീസ് രാജുവിന്റെ വീടിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു. രാവിലെ മണിയൻപിള്ള രാജുവിനെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
അപകടവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപണുണ്ടായിരുന്നു. മണിയൻപിള്ള രാജുവിന് അനുകൂലമായി പൊലീസ് നിലപാട് സ്വീകരിച്ചു എന്നായിരുന്നു ആരോപണം. സംഭവം നടന്ന് പിറ്റേദിവസം മാത്രമാണ് മണിയൻപിള്ള രാജു സ്റ്റേഷനിൽ ഹാജരായതെന്നും മദ്യപിച്ചു എന്ന ആരോപണം നിലനിൽക്കെ മെഡിക്കൽ പരിശോധന വൈകിയെന്നും ആരോപണമുണ്ടായിരുന്നു. മണിയൻപിള്ള ഓടിച്ച വാഹനം കണ്ടെത്താൻ വൈകിയെന്നും വിമർശനമുണ്ടായിരുന്നു. വിഷയം അന്വേഷിക്കാൻ ഡിസിപി വിനോദിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി അഞ്ചിന് രാത്രി 9.30 ഓടെയായിരുന്നു ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ അപകടമുണ്ടായത്. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് ഇറങ്ങിയ മണിയൻപിള്ള രാജുവിൻ്റെ കാറിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്നവർ തെറിച്ച് വീഴുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയി. ഭയംകൊണ്ടായിരുന്നു വാഹനം നിർത്താതിരുന്നതെന്നും സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് എത്തിക്കാൻ പറഞ്ഞതായും മണിയൻപിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മണിയൻപിള്ള രാജു സ്റ്റേഷനിൽ നേരിട്ട് ഹാജരായി. ഇതിന് ശേഷമായിരുന്നു വൈദ്യപരിശോധന നടന്നത്. ഇതിന് പിന്നാലെ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ക്ലബ്ബിന്റെ പാർക്കിങ്ങിൽ നിന്ന് മണിയൻപിള്ള രാജു വാഹനം പുറത്തേക്ക് ഇറക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് ബൈക്ക് വന്ന് ഇടിക്കുന്നതും യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ഇൻഡികേറ്റർ ഇട്ട് പതിയെ ആണ് പ്രധാന റേഡിലേക്ക് മണിയൻപിള്ള രാജു വാഹനം എടുക്കുന്നത്. പിന്നാലെ ബൈക്ക് വന്ന് ഇടിക്കുകയും മണിയൻപിള്ള വാഹനം നിർത്താതെ എടുത്തുപോകുകയായിരുന്നു. അപകടത്തിൽ ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർക്കായിരുന്നു പരിക്കേറ്റത്. സൂരജിനെ എസ്പി ഫോർട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമേറ്റിരുന്നു.




