സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് രണ്ടായിരത്തിലേറെ രൂപ

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 2120 രൂപ വർധിച്ച് 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ വർധിച്ച് 14,355 രൂപയായി. ഇന്നലെ 1,12,720 രൂപയായിരുന്നു പവൻ വില.
ഇന്നലെ രാവിലെ കുറഞ്ഞ വില ഉച്ചയോടെ വർധിച്ചിരുന്നു. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. പല ദിവസങ്ങളിലും ഒന്നിലേറെ തവണ വില വ്യത്യാസപ്പെടുന്നുണ്ട്.
ആഗോളവിപണിയിൽ സ്വർണവില മുന്നേറ്റമുണ്ടാക്കി. 98 ഡോളർ ഉയർന്ന് ട്രോയ് ഔൺസിന് 4966 ഡോളർ എന്ന നിലയിലാണ് വില. വെള്ളിയും നേരിയ തോതിൽ ഉയർന്നു. 0.40 ഡോളർ ഉയർന്ന് ട്രോയ് ഔൺസിന് 77.8 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
കേരളത്തിൽ ജനുവരി 29ന് 1,31,160 രൂപയെന്ന സർവകാല റെക്കോർഡിലെത്തിയ ശേഷമാണ് സ്വർണം തിരിച്ചിറങ്ങിയത്. മാസങ്ങൾ നീണ്ട കുതിപ്പിനൊടുവിൽ നിക്ഷേപകർ ലാഭമെടുക്കുന്നത് തുടർന്നതോടെയാണ് സ്വർണത്തിന് ആഗോളവിപണിയിൽ വൻതോതിൽ വിലയിടിഞ്ഞത്. ഡോളർ നേരിയ തോതിൽ ശക്തിപ്പെട്ടതും സ്വർണവിലയെ തളർത്തി.




