Uncategorized

അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഭൂപടത്തിലേക്ക് ബേപ്പൂര്‍

കോഴിക്കോട്: അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ ഒരുങ്ങി ബേപ്പൂര്‍ മണ്ഡലം. സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി ബേപ്പൂര്‍ വികസിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റില്‍ ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കും. ഫെബ്രുവരി 7, 8 തീയതികളില്‍ കോഴിക്കോട് ചെറുവണ്ണൂര്‍ മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുന്നത്. ഇന്ന് വൈകുന്നേരം നാലിന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

പങ്കാളിത്ത ടൂറിസം വികസന പ്രക്രിയയിലൂടെ ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കി വരുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ ബേപ്പൂര്‍ ദേശീയ-അന്താരാഷ്ട്ര തലങ്ങലില്‍ ശ്രദ്ധേയമായ ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ‘പെപ്പര്‍’, ‘മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങള്‍’ എന്നീ പദ്ധതികളുടെ സംയോജിത മാതൃകയിലൂടെ ഘട്ടംഘട്ടമായി ബേപ്പൂരിനെ ആഗോള മാതൃകയായ ഉത്തരവാദിത്ത ടൂറിസം കേന്ദ്രം ആക്കി മാറ്റുന്നതാണ് പദ്ധതിയുടെ കാഴ്ചപ്പാട്. വിനോദസഞ്ചാരികള്‍ക്ക് ഗുണനിലവാരമുള്ള സേവനങ്ങളും യാത്രാനുഭവങ്ങളും നല്‍കുന്നതോടൊപ്പം പ്രാദേശിക ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പ്രാദേശിക സാമ്പത്തിക വികസനം, ടൂറിസത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ വികസനം, സ്ത്രീ ശാക്തീകരണം എന്നിവയും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു

ബേപ്പൂര്‍ ബീച്ച്, തുറമുഖവും പരിസര പ്രദേശങ്ങളും, പക്ഷി സങ്കേതവും അഴിമുഖവും ഉള്‍പ്പെടുന്ന കടലുണ്ടി, ചാലിയാര്‍ പുഴയുടെ തീരപ്രദേശം, ബേപ്പൂരിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ബേപ്പൂര്‍ സമഗ്ര ടൂറിസം വികസന പദ്ധതി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി 300 – ലധികം പേര്‍ക്ക് തൊഴില്‍ പരിശീലനങ്ങള്‍ നല്‍കി. വിവിധ പാക്കേജുകള്‍ തയ്യാറാക്കി. വിനോദസഞ്ചാരികളെ എത്തിക്കുന്നതിനായി ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രചാരണ വീഡിയോകളും ഇ-ബുക്കും തയ്യാറാക്കി. കേരളത്തിലെ ആദ്യത്തെ ആര്‍ ടി ക്ലബ്ബ് ബേപ്പൂരില്‍ രൂപീകരിച്ചു. ആര്‍ടി മിഷന്‍ യൂണിറ്റുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് ജില്ലയില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു.ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിക്ക് ഐസിആര്‍ടി ഗോള്‍ഡ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എംപ്ലോയിങ് ആന്‍ഡ് അപ്സ്‌കില്ലിങ് ലോക്കല്‍ കമ്മ്യൂണിറ്റി എന്ന കാറ്റഗറിയില്‍ 2024 ല്‍ ഗോള്‍ഡ് അവാര്‍ഡാണ് ലഭിച്ചത്. കൂടാതെ ഇന്ത്യ ടൂറിസത്തിന്റെ മികച്ച ഉത്തരവാദിത്ത ടൂറിസം വില്ലേജ് അവാര്‍ഡ് കടലുണ്ടി പഞ്ചായത്ത് നേടി.പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന ആഗോള മീറ്റില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 20 പ്രഭാഷകര്‍ ഉള്‍പ്പെടെ 150 പ്രതിനിധികള്‍ പങ്കെടുക്കും. സുസ്ഥിര വിനോദസഞ്ചാരം, ഉത്തരവാദിത്ത ടൂറിസത്തിലൂടെയുള്ള കമ്മ്യൂണിറ്റി സംരംഭങ്ങള്‍, പൈതൃക സംരക്ഷണം, എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം, ഭിന്നശേഷി സൗഹൃദ ടൂറിസം, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളും മറ്റ് ടൂറിസം പ്രവര്‍ത്തങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരും വ്യവസായ പങ്കാളികളും ചര്‍ച്ച ചെയ്യും.

ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം ലക്ഷ്യസ്ഥാനമായി പ്രഖ്യാപിക്കുന്നത് കേരളത്തെ സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിലെ സുപധാന ചുവടുവയ്പ്പാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അനുഭവവേദ്യ ടൂറിസം കേന്ദ്രമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ ആകര്‍ഷണം ഇത് ഗണ്യമായി വര്‍ദ്ധിപ്പിക്കും. കഴിഞ്ഞ നാല് വര്‍ഷമായി മലബാര്‍ മേഖലയിലെ വിനോദസഞ്ചാര വികസനത്തിന് ഈ പദ്ധതി ആക്കം കൂട്ടി. ഈ പ്രദേശത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ കോഴിക്കോട് മേയര്‍ ഒ.സദാശിവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് എംപി എം.കെ രാഘവന്‍, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ മുഖ്യാതിഥിയാകും. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ചടങ്ങിന് സ്വാഗതവും കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ് കുമാര്‍ കെ നന്ദിയും പറയും. ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ചന്ദ്രിക, രാമനാട്ടുകര മുന്‍സിപ്പല്‍ ചെയര്‍മാന്‍ കല്ലട മുഹമ്മദാലി, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലന്‍, കൗണ്‍സിലര്‍മാരായ സന്ദേശ് സി, രാജീവന്‍ കെ, ഷെഹര്‍ബാന്‍, കെടിഐഎല്‍ ചെയര്‍മാന്‍ എസ്‌കെ സജീഷ്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഗിരീഷ് കുമാര്‍ ഡി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഡിടിപിസി സെക്രട്ടറി നിഖില്‍ദാസ്, ആര്‍ടി മിഷന്‍ സൊസൈറ്റി കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീകലാ ലക്ഷ്മി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.കോണ്‍ഫറന്‍സ് നെറ്റ്വര്‍ക്കിംഗ്, അറിവ് പങ്കിടല്‍, നയ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്കുള്ള വേദി കൂടിയാണ് ഈ പരിപാടി. ആര്‍ടി ഉല്‍പന്ന പ്രദര്‍ശനം, സമ്മേളനത്തിലെ അന്താരാഷ്ട്ര പ്രതിനിധികള്‍ക്കും പ്രഭാഷകര്‍ക്കും പ്രധാനപ്പെട്ട അതിഥികള്‍ക്കുമായി പദ്ധതി പ്രദേശത്തെ ആര്‍ടി യൂണിറ്റ് സന്ദര്‍ശനം, എക്സ്പീരിയന്‍സ് ടൂറിസം പാക്കേജ്, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. ടൂറിസം ക്ലബ്ബ് അംഗങ്ങള്‍, കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി വുമണ്‍ ഫ്രണ്ട്‌ലി നെറ്റ്വര്‍ക്ക് അംഗങ്ങള്‍, ആര്‍ടി യൂണിറ്റുകള്‍, സ്റ്റോറി ടെല്ലര്‍മാര്‍, കമ്മ്യൂണിറ്റി ടൂര്‍ ഗൈഡുകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button