Uncategorized

മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വാഹനമോടിച്ച സംഭവം; ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിൽ മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വാഹമോടിച്ച സംഭവത്തിൽ വകുപ്പുതല നടപടിക്ക് ശുപാർശ. ഇത് സംബന്ധിച്ച് ചെങ്ങന്നൂർ ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. വാഹനം ഓടിച്ചത് അത്യന്തം അപകടകരമായ നിലയിലെന്നാണ് റിപ്പോർട്ട്. വിവാദമായതിന് പിന്നാലെ മാന്നാർ സ്‌റ്റേഷനിലെ ഡ്രൈവർ സ്വരാജ് അവധിയിൽ പ്രവേശിച്ചു. ഉദ്യോഗസ്ഥൻ വൈദ്യ പരിശോധനയ്ക്ക് വിധേയനായിട്ടില്ല.

കായംകുളം- ചെട്ടികുളങ്ങര റോഡിലായിരുന്നു ഉദ്യോഗസ്ഥന്‍റെ അപകടകരമായ യാത്ര. മദ്യപിച്ച് അവശനിലയിലായതോടെ വാഹനം റോഡരികില്‍ നിര്‍ത്തുകയായിരുന്നു. ഔദ്യോഗിക വാഹനത്തില്‍ ഛര്‍ദിച്ച് അവശനായ നിലയിലായിരുന്നു ഉദ്യോഗസ്ഥന്‍.

മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനം നിയന്ത്രണമില്ലാതെ റോഡിന്റെ ഇരു വശങ്ങളിലേക്കും പോകുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറായിരുന്നു പുറത്തുവിട്ടത്. പൊലീസ് വാഹനത്തിന്റെ പിറകെ പോയ ബൈക്ക് യാത്രികരാണ് സാഹസിക യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്. ദീര്‍ഘദൂരം സാഹസിക യാത്ര തുടര്‍ന്നതിന് ശേഷം വാഹനം മാവേലിക്കര വിഎസ്എം ആശുപത്രിക്ക് സമീപം ഉദ്യോഗസ്ഥന്‍ നിര്‍ത്തിയിട്ടു. പിന്നാലെ എത്തിയ ബൈക്ക് യാത്രികര്‍ വാഹനം പരിശോധിച്ചപ്പോഴാണ് മദ്യലഹരിയില്‍ ഛര്‍ദിച്ച് അവശനായ പൊലീസ് ഉദ്യോഗസ്ഥനെ വാഹനത്തിനുള്ളില്‍ കണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button