പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാനസിക പീഡനവും ജാതി അധിക്ഷേപവും നടത്തിയ സംഭവം; വെള്ളനാട് ശശിക്കെതിരെ കേസ്

തിരുവനന്തപുരം: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാനസിക പീഡനവും ജാതി അധിക്ഷേപവും നടത്തിയ സംഭവത്തില്‍ സിപിഐഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റുമായ വെള്ളനാട് ശശിക്കെതിരെ കേസ്. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി സിന്ധു അനില്‍കുമാർ നൽകിയ പരാതിൽ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം ആര്യനാട് പൊലീസാണ് കേസടുത്തത്.
വെള്ളനാട് ശശി നിരന്തരം മാനസിക പീഡനത്തിനിരയാക്കുന്നുവെന്നായിരുന്നു സിന്ധുവിൻ്റെ പരാതി. വെള്ളനാട് ശശി ജാതി അധിക്ഷേപം നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന് വാഹനം വിട്ടുനല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും സിന്ധു പരാതി നൽകിയിരുന്നു. നടപടിയുണ്ടാകാതെ വന്നതോടെ ആര്യനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വെള്ളനാട് ശശി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജാതീയമായി അധിക്ഷേപിക്കുന്നുവെന്നും സിന്ധു അനില്‍ കുമാര്‍ വെളിപ്പെടുത്തിയിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കാതെ പട്ടികജാതിക്കാരി എന്ന നിലയില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും തനിക്ക് അയിത്തം കല്‍പ്പിക്കുന്നുവെന്നും സിന്ധു പറഞ്ഞിരുന്നു. യോഗങ്ങളില്‍ നിന്ന് മനഃപൂർവം ഒഴിവാക്കുന്നുവെന്നും തന്നെ സ്ഥലം മാറ്റാന്‍ ശ്രമിക്കുന്നുവെന്നും സിന്ധു വ്യക്തമാക്കിയിരുന്നു.
തന്റെ വണ്ടി തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിയെടുത്തു. മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. താന്‍ എസ്സി വിഭാഗക്കാരിയായതിനാല്‍ കമ്മിറ്റിയില്‍ കയറ്റില്ല. അദ്ദേഹം പറയുന്നത് മാത്രം കേട്ടാല്‍ മതി എന്ന നിലപാടാണ് വെള്ളനാട് ശശിക്കെന്നും സിന്ധു ആരോപിച്ചിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും തങ്ങളെ കൊന്നാലും ആര്‍ക്കും ഒരു പ്രശ്നവുമില്ല എന്ന രീതിയിലുള്ള പ്രതികരണമാണ് പരാതി കൊടുത്തിടത്തു നിന്ന് ലഭിച്ചിരുന്നതെന്നും സിന്ധു അനില്‍കുമാര്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍ തനിക്കെതിരെ ഉണ്ടായത് വസ്തുതാ വിരുദ്ധമായ ആരോപണമാണെന്നായിരുന്നു വെള്ളനാട് ശശിയുടെ പ്രതികരണം. താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും വെള്ളനാട് ശശി പറഞ്ഞിരുന്നു.
പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ വെള്ളനാട് ശശി രാത്രി കാലങ്ങളിലടക്കം ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറിയായ സിന്ധു അനില്‍ അനില്‍കുമാര്‍ ഇത് തടഞ്ഞതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. സംഭവത്തിന് ശേഷം വെള്ളനാട് ശശി തന്നെ മാറ്റി നിര്‍ത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് സിന്ധു നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.




