Uncategorized

റെയിൽവെ ടിക്കറ്റ് എടുത്തില്ല, തൃശൂർ സ്റ്റേഷനിൽ പുലർച്ചെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് 70 കാരിക്കെതിരെ കേസ്; ഒടുവിൽ കോടതി വെറുതെ വിട്ടു

തൃശൂർ: യാത്രാ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ എടുക്കാതെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഫയൽ ചെയ്തു ഹർജിയിൽ പ്രതിയെ തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. ഇരിങ്ങാലക്കുട സ്വദേശിനി 70 വയസ്സുള്ള ചന്ദ്രമതിയെയാണ് കോടതി വെറുതെവിട്ടത്. 2012 ലെ കേസിന് ആസ്പദമായ സംഭവം. പുലർച്ചയുള്ള ട്രെയിനിന് കോഴിക്കോട്ടേക്ക് പോകാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ചന്ദ്രമതി. പുലർച്ചെയുള്ള ട്രെയിനുകൾക്ക് ടിക്കറ്റുകൾ രാത്രി 12 മണിക്ക് ശേഷം മാത്രമേ കൗണ്ടറിൽ നിന്ന് ലഭ്യമാകൂ എന്ന് സ്റ്റേഷനിൽ നിന്ന് അറിയിച്ചു. തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെ അനുവാദത്തോടെ ലേഡീസ് വെയിറ്റിങ് റൂമിൽ വിശ്രമിക്കുമ്പോഴാണ് കെയർ ടെയ്കർ ചന്ദ്രമതിയോട് ടിക്കറ്റ് എടുക്കാതെ ഇരിക്കാൻ ആവില്ലെന്നും ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടത്.

എന്നാൽ സ്റ്റേഷൻ മാസ്റ്ററുടെ അനുമതിയോടെയാണ് ഇരിക്കുന്നത് എന്ന് അറിയിച്ചിട്ടും അവർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ വിളിച്ചുവരുത്തി ലാത്തി ഉപയോഗിച്ച് ചന്ദ്രമതിയെ ഉപദ്രവിച്ചു. മർദ്ദനമേറ്റ് കയ്യിൽ നീര് വെച്ച് വീർത്തു വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്യേണ്ട സാഹചര്യമുണ്ടായി. ചന്ദ്രമതിയുടെ ബാഗ് റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് വലിച്ചെറിയുകയും ഇൻസുലിൻ കുപ്പികളും മറ്റു മരുന്നുകളുമെല്ലാം പൊട്ടി പോവുകയും ചെയ്തു. ഇതിനെ തുടർന്ന് പരാതി നൽകാൻ ചന്ദ്രമതി ആർപിഎഫിനെ സമീപിച്ചുവെങ്കിലും പരാതിയെടുക്കാൻ തയ്യാറായില്ല. തുടർന്ന് റെയിൽവേ പോലീസിന് പരാതി നൽകുകയാണ് ഉണ്ടായത്. കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും ആർപിഎഫ് ഹൈക്കോടതിയിൽ പോയി ആയത് റദ്ദാക്കി.

എന്നാൽ ചന്ദ്രമതിക്കെതിരെയുള്ള കേസ് അവർ നിലനിർത്തി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 3 സാക്ഷികളെ വിസ്തരിച്ച കേസിൽ 313 വിചാരണ സമയത്ത് യഥാർത്ഥ വസ്തുതകൾ പ്രതി കോടതിയിൽ വെളിപ്പെടുത്തി. രാത്രി വരുന്ന യാത്രക്കാർക്ക് റെയിൽവേ മാസ്റ്ററുടെ അനുമതിയോടെ റെയിൽവേ സ്റ്റേഷനിൽ വിശ്രമിക്കാം എന്നും അതിനുള്ള അനുവാദം കൊടുക്കാൻ റെയിൽവേ മാസ്റ്റർക്ക് അനുമതിയുണ്ടെന്നും പ്രതിഭാഗം രേഖകളുടെ സഹായത്തോടെ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഒരു സാക്ഷിയുടെ മാത്രമാണ് മൊഴി രേഖപ്പെടുത്തിയത് എന്നും മറ്റു സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതിരുന്നത് അന്വേഷണത്തിൻ്റെ വീഴ്ചയാണെന്നും പ്രതിഭാഗം ആരോപിച്ചു. ചന്ദ്രമതിയെ ഉപദ്രവിച്ചതിന്റെ പേരിൽ ആർപിഎഫിന് എതിരെ കേസെടുത്ത കാര്യം പ്രോസിക്യൂഷൻ മറച്ചുവെച്ചു എന്നും കേസ് ക്വാഷ് ചെയ്ത് പോയതിനാൽ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ചന്ദ്രമതിക്ക് അവസരം നഷ്ടപ്പെട്ട കാര്യവും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.

ഒന്നാം സാക്ഷിയുടെ പരാതിയും കോടതിയിൽ നൽകിയ മൊഴിയും തമ്മിൽ വൈരുദ്ധ്യങ്ങളുള്ള കാര്യവും പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. സാക്ഷി മൊഴികളും രേഖകളും പരിശോധിച്ച കോടതി ചന്ദ്രമതി കുറ്റക്കാരി അല്ല എന്ന് കണ്ടെത്തുകയായിരുന്നു ചന്ദ്രമതി റെയിൽവേ സ്റ്റേഷനിൽ ശല്യം ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥർക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചുവെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്നും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. തൃശ്ശൂർ ജില്ലാ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ അഡ്വക്കേറ്റ് എഡ്വിന ബെന്നിയാണ് കേസിൽ ഹാജരായി വാദം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button