Uncategorized

ശബരി റെയിൽ പാത; ചിലവാകുന്നതിന്‍റെ പാതി തുക നൽകാൻ തയ്യാറെന്ന് സംസ്ഥാന സർക്കാർ, മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: ശബരി റെയിൽ പാത പദ്ധതിക്ക് ചിലവാകുന്ന പകുതി തുക വഹിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ പകുതി തുകയായ 1900 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക. ശബരിമല റെയില്‍ പാത പദ്ധതി കേന്ദ്രസര്‍ക്കാര്‍ ബജറ്റിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി. പദ്ധതി നടപ്പിലാക്കുന്നതിനായി 303.58 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. ഇതില്‍ 8 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന്റെ വിഹിതം കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം.

നേരത്തെ ശബരി റെയില്‍ തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനെക്കുറിച്ച് പഠിക്കാന്‍ 2 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ തുകയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. തീരുമാനം ഉടന്‍ റെയില്‍വേ മന്ത്രാലയത്തെ അറിയിക്കാനാണ് തീരുമാനം.

1997-98 റെയില്‍വേ ബജറ്റില്‍ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി- ശബരി റെയില്‍വേ പദ്ധതി, കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റെയില്‍ പാത സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രമാര്‍ഗം ഉറപ്പാക്കുന്നു. കൂടാതെ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും പദ്ധതി സഹായകമാകുമെന്നാണ് കരുതുന്നത്.

പദ്ധതിയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള 7 കിലോമീറ്റര്‍ ദൂരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ 90 ശതമാനവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നു. ബാക്കിയുള്ള ദൂരത്തേക്കുള്ള പണികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും അവയുടെ കാലാവധി അവസാനിച്ചതിനാല്‍ വീണ്ടും ആദ്യഘട്ടം മുതല്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്‌നങ്ങളും ബജറ്റില്‍ ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വര്‍ഷമായി പദ്ധതി സ്തംഭിച്ച അവസ്ഥയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button