ഒമ്പതുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 14 വർഷം കഠിന തടവും 26,000 രൂപ പിഴയും

തിരുവനന്തപുരം : ഒമ്പതുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് 14 വർഷം കഠിന തടവും 26,000 രൂപ പിഴയും. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിനെ (54) യാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. അഞ്ച് വർഷം ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും. പിഴത്തുകയും ലീഗൽ സർവീസസ് അതോറിറ്റി നഷ്ടപരിഹാരവും കുട്ടിക്ക് നൽകണം.
2024 ഒക്ടോബർ 20ന് വൈകിട്ടാണ് സംഭവം നടന്നത്. വീട്ടിലെ ടെറസിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്ത് ചെന്ന കുട്ടിയോട് അവിടെ ഇരിക്കുന്ന പൂച്ചട്ടി എടുത്ത് തരാൻ പ്രതി ആവശ്യപ്പെട്ടു. പൂച്ചട്ടി എടുത്ത് കൊടുത്ത കുട്ടിയുടെ കയ്യിൽ പ്രതി കടന്ന് പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. വീട്ടിലെത്തിയ കുട്ടി കരഞ്ഞുകൊണ്ട് പിതാവിനോട് കാര്യം പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പിതാവ് വീടിന് പുറത്തേക്ക് വരുന്നത് കണ്ട പ്രതി ഓടി രക്ഷപെട്ടു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.




