Uncategorized

നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു; ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ശ്രീനാരായണ ഗുരു ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയ ക്ഷേത്രമാണ് നാഗമ്പടം മഹാദേവ ക്ഷേത്രം. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യമറിയിച്ചത്. ഇതിനായി ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചു.

1928 ജനുവരി 16നാണ് മഹാദേവ ക്ഷേത്രാങ്കണത്തിലെ മാവിന്‍ ചുവട്ടില്‍ വിശ്രമിക്കുന്ന ഗുരുവിനോട് ശിവഗിരി തീര്‍ത്ഥാടന കേന്ദ്രമെന്ന ആശയം ശിഷ്യന്മാര്‍ വെക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രം തുടങ്ങുന്നതിന് ഗുരു അനുമതി നല്‍കിയെങ്കിലും 1932 ഡിസംബര്‍ 24നാണ് നാഗമ്പടത്ത് നിന്ന് ആദ്യ തീര്‍ത്ഥാട സംഘം പുറപ്പെടുന്നത്. 1933 ജനുവരി ഒന്നിന് ഇവര്‍ ശിവഗിരിയിലെത്തി. ശിവനും ശ്രീനാരായണ ഗുരുവും സുബ്രഹ്‌മണ്യനുമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍.

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ വ്യക്തികളിലും സമൂഹത്തിലും പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി എന്‍ വാസവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി നാഗമ്പടം ക്ഷേത്രത്തെ ഉയര്‍ത്തുന്നതിലൂടെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വിശ്വദര്‍ശനത്തിനെ സമൂഹത്തിലേക്ക് എത്തിക്കാനാവും. ഇത് സംബന്ധിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലിന് നല്‍കിയ നിവേദനം പരിഗണിച്ചാണ് ബജറ്റിനുള്ള മറുപടി പ്രസംഗത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയതെന്നും വി എന്‍ വാസവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button