Uncategorized

ഭാര്യയേയും മകളേയും സ്വത്തും നഷ്ടപ്പെടുമെന്ന് തോന്നി; മഞ്ചേശ്വരം ഇരട്ടക്കൊലപാതക പ്രതിയുടെ മൊഴി

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെയുണ്ടായ ഇരട്ടക്കൊലപാതകത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ ധമനിയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ജുമൈലയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോർട്ടിൽ രേഖപ്പെ‍ടുത്തിയത്. ബന്ധു ഷേക്ക് അബ്ബയുടെ മരണത്തിന് കാരണം വലതു തുടയിൽ ആഴത്തിലുണ്ടായ മുറിവിൽനിന്ന് രക്തം വാർന്നു പോയതും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ്. കൊലപാതകം നടത്തിയ ജുമൈലയുടെ പിതാവ് ഉമ്മർ ഫാറൂഖിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്. പ്രതി പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയേയും മകളേയും സ്വത്തും നഷ്ടപ്പെടുമെന്ന തോന്നലാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അക്രമം നടത്താൻ മുൻകൂട്ടി തീരുമാനിച്ചതായി പൊലീസിന് സൂചനയുണ്ട്.

തിങ്കളാഴ്ച്ച വൈകിട്ടാണ് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകൾ ജുമൈല(18) മരിച്ചത്. പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ ബന്ധു മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയും(53) മരിച്ചു. ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പ്രതിയായ ഉമര്‍ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഉമര്‍ ഫാറൂഖും ഭാര്യ താഹിറയും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളാണ് കുടുംബവഴക്കിനും തുടർന്നുണ്ടായ കൊലപാതകത്തിനും കാരണം. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. ബന്ധം വേർപിരിയുന്നെങ്കില്‍ തനിക്കു കുടുംബസ്വത്തായി ലഭിച്ചതും പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍ ഫാറൂഖ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച് വീണ്ടും തർക്കമുണ്ടായി. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്.

തർക്കത്തിനിടെ പ്രകോപിതനായ പ്രതി കൈയിൽകരുതിയ കത്തി ഉപയോ​ഗിച്ച് ഭാര്യസഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യാസഹോദരിയെയും വെട്ടി. ഇതിനിടെയാണ് സ്കൂളിൽ നിന്നെത്തിയ മകൾ ജുമൈലയ്ക്ക് വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ജുമൈലയ്ക്ക് ജീവൻ നഷ്ടമായി.

പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നാണ് നാട്ടുകാരും ബന്ധുക്കളുടെയും മൊഴി. അടുത്തിടെ ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്ക് പതിവായതോടെ ഉമറിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ലഹരി ഉപയോഗം പതിവാക്കുകയായിരുന്നുവെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button