Uncategorized

28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കും, അവധി നൽകും; ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ തുടങ്ങി, നിർദേശങ്ങളുമായി മന്ത്രി

തിരുവനന്തപുരം: ഫെബ്രുവരി 23 മുതൽ മാർച്ച് നാല് വരെ നടത്തുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം പരാതികളില്ലാതെ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്രം ഓഫീസിൽ സംഘടിപ്പിച്ച അവലോകന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. കഴിയുന്നത്ര വനിതാ പൊലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോ​ഗസ്ഥരെ പൊങ്കാല മഹോത്സവത്തിന് നിയോ​ഗിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുഴുവൻ സമയ കൺട്രോൾ റൂം ക്ഷേത്ര പരിസരത്ത് പ്രവർത്തിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷ, ആരോ​ഗ്യ വിഭാ​ഗം എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തണം. എക്സൈസിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ ലഹരിപരിശോധന കർശനമാക്കണം. പൊങ്കാല ഉത്സവ സമയത്ത് കാലാവധി കഴിഞ്ഞ പല ഉത്പ്പന്നങ്ങളും വിറ്റഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ക്ഷേത്രപരിസരത്തെ കടകളിൽ ഫു‍ഡ് സേഫ്റ്റി ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കണം. കച്ചവടത്തിന് എത്തുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിന് കോർപ്പറേഷൻ നടപടി സ്വീകരിക്കണം. ക്ഷേത്രപരിസരത്ത് ആവശ്യമായ ലൈറ്റുകൾ ക്രമീകരിക്കണം. പൊങ്കാല സമയത്ത് മാലിന്യം വലിച്ചെറിയുന്നതിന് നടപടി സ്വീകരിക്കുന്നതിന് ശുചിത്വമിഷനും കോർപ്പറേഷനും യോജിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പൊങ്കാല ദിവസം ക്ഷേത്ര പരിസരത്ത് കെഎസ്ആർടിസി ബസുകൾ യുടേൺ എടുക്കുന്നത് പ്രശ്നം സൃഷ്ടിക്കുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് കെഎസ്ആർടിസി അധികൃതരും പൊലീസും സംയുക്ത യോ​ഗം ചേരണം. ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്റർ അപ്പുറത്തേക്ക് വരെ പൊങ്കാല അടുപ്പുകൾ നീളുന്നതിനാൽ ക്ഷേത്രപരിസരത്ത് മാത്രമല്ല മറ്റ് സ്ഥലങ്ങളിലും ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനം സജ്ജമാക്കണമെന്നും മന്ത്രി ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button