വിഴിഞ്ഞത്ത് മത്സ്യബന്ധനം കഴിഞ്ഞ് വരുന്നതിനിടെ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് ശേഷം ഫിഷ് ലാന്‍ഡിങ് സെന്ററിലേക്ക് വരുമ്പോള്‍ മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് കടലിലേക്ക് വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയില്‍ റിച്ചാര്‍ഡ് ജോണ്‍(41) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ വിഴിഞ്ഞം ഹാര്‍ബറിലായിരുന്നു സംഭവം.
തിങ്കളാഴ്ച്ച പുലര്‍ച്ചെ നാലരയോടെ സുഹൃത്തുക്കളായ സോളമന്‍, സ്റ്റാന്‍ലി എന്നിവര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു റിച്ചാര്‍ഡ്. തിരികെയെത്തി ഫിഷ് ലാൻഡിങ് സെൻ്ററിലേക്ക് വള്ളമടുപ്പിക്കാന്‍ ശ്രമിക്കവെ റിച്ചാർഡ് അവശനായി വള്ളത്തില്‍ നിന്ന് കടലിലേക്ക് വീഴുകയായിരുന്നു.
സംഭവ സമയം വള്ളത്തിലുണ്ടായിരുന്ന സോളമന്‍ കടലില്‍ ചാടി റിച്ചാര്‍ഡിനെ കരയില്‍ കയറ്റി. ഉടന്‍ വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




