പ്രതികൾക്ക് പുറത്തിറങ്ങാൻ SIT അവസരമൊരുക്കുന്നു, പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്: രൂക്ഷവിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളെല്ലാവരും ജാമ്യത്തിൽ പുറത്തിറങ്ങുകയാണെന്നും അതിന് എസ്ഐടി അവസരം ഒരുക്കിനൽകുകയാണെന്നും സതീശൻ പറഞ്ഞു. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സതീശൻ ആരോപിച്ചു. പിന്നാലെ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കില്ലെന്നും സതീശൻ അറിയിച്ചു.
വലിയ പ്രതിഷേധമാണ് സഭയ്ക്കകത്ത് ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷം അഴിച്ചുവിട്ടത്. പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിനു മുമ്പിൽ പ്രതിഷേധിച്ചു. ബാനർ താഴ്ത്തിയില്ലെങ്കിൽ പിടിച്ചുമാറ്റുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇതിനിടെ ഡയസിന് മുകളിലേക്ക് ചാടിക്കടക്കാൻ ചില പ്രതിപക്ഷ എംഎൽഎമാർ ശ്രമിച്ചു. ടി വി ഇബ്രാഹിം, സനീഷ് കുമാർ ജോസഫ്, അൻവർ സാദത്ത് എന്നിവരാണ് ചാടിക്കടക്കാൻ ശ്രമിച്ചത്. ഇത് വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങിയെത്തി. ഇതിനിടെ സ്പീക്കർ എഴുന്നേറ്റുപോയി.
സ്വർണ്ണക്കൊള്ള ബാനർ ഉയർത്തിയായിരുന്നു സഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള കേസിൽ 90 ദിവസം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് സ്വഭാവിക ജാമ്യം ലഭിച്ചിരുന്നു. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനാണ് ഏറ്റവും ഒടുവിൽ ജാമ്യം ലഭിച്ചത്.. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജനുവരി 29-ന് ജാമ്യം ലഭിച്ചിരുന്നു. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും കേസിൽ ജാമ്യത്തിലിറങ്ങിയിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്ഐടിക്ക് മുന്നിൽ മൊഴി നല്‍കിയെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലതവണ വീട്ടില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്‌ഐടിയോട് പറഞ്ഞു. പാളികൾ വീട്ടിലെത്തി പൂജിക്കാൻ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം വ്യക്തമാക്കിയിരുന്നു.




