ജുമൈലയ്ക്ക് വേട്ടേറ്റത് പിതാവിനെ തടയാനുള്ള ശ്രമത്തിനിടെ;പ്രതി ആദ്യം വെട്ടിയത് ഭാര്യാ സഹോദരിയെയും ഭർത്താവിനെയും

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്നത് സ്വത്ത് തര്‍ക്കതിനിടെയുണ്ടായ സംഘർഷത്തിനിടെ. കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു കൊലപാതകം നടന്നത്. പ്രതി ഉമർ ഫറൂഖും ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവും തമ്മിലായിരുന്നു സ്വത്ത് തര്‍ക്കമുണ്ടായത്. ഭാര്യാസഹോദരിയുടെ ഭര്‍ത്താവിനെയാണ് ഇയാള്‍ ആദ്യം കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഭാര്യാസഹോദരിയെയും വെട്ടി. പിതാവിന്റെ അതിക്രമം തടയാനെത്തിയതായിരുന്നു മറിയം. ഇതിനിടെയാണ് പെണ്‍കുട്ടിക്കും വെട്ടേറ്റത്. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
അടുത്തിടെ ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്ക് പതിവായതോടെ ഉമറിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഭാര്യയുമായി ഇയാള്‍ സ്ഥിരം വഴക്കിട്ടിരുന്നു. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ലഹരി ഉപയോഗം പതിവാക്കുകയായിരുന്നുവെന്നാണ് സൂചന.
കാസര്‍കോട് മഞ്ചേശ്വരത്തായിരുന്നു അരുംകൊല നടന്നത്. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിനി മറിയം ജുമലൈയായിരുന്നു കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. നിലവിളി കേട്ട് സമീപവാസികള്‍ എത്തി നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജുമൈലയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജുമൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. ഈ സമയം ഉമര്‍ സ്ഥലത്തുണ്ടായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജുമൈലയുടെ മൃതദേഹം നിലവില്‍ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും




